ഹൈദരാബാദ്: ഐ.പി.എല്ലിലെ ഏറെ വിവാദമായ മങ്കാദിങ് സംഭവം ടീമിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം ജയ്‌ദേവ് ഉനദ്കട്ട്. 

മത്സരത്തിനു ശേഷം ഒരിക്കല്‍ പോലും ടീമിന്റെ ഡ്രസ്സിങ് റൂമില്‍ ഇതിനെ കുറിച്ചുള്ള സംസാരം ഉണ്ടായിട്ടില്ലെന്ന് ഉനദ്കട്ട് വ്യക്തമാക്കി. 

''പിന്നീട് ഒരിക്കല്‍ പോലും മങ്കാദിങ് വിവാദത്തെ കുറിച്ച് ടീമിനുള്ളില്‍ ഒരു പരാമര്‍ശം പോലും ഉണ്ടായിട്ടില്ല. ആ സംഭവത്തില്‍ നിന്നെല്ലാം ടീം മുന്നോട്ടുപോയി. അത് ടീമിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. വരാനിരിക്കുന്ന മത്സരങ്ങളിലാണ് ടീമിന്റെ ശ്രദ്ധ'' - വെള്ളിയാഴ്ച ഹൈദരാബാദിനെതിരായ മത്സരത്തിനു മുന്‍പ് പ്രതികരിക്കുകയായിരുന്നു ഉനദ്കട്ട്.

മാര്‍ച്ച് 25-ന് നടന്ന രാജസ്ഥാന്‍ റോയല്‍സ് - കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെയാണ് പഞ്ചാബ് ക്യാപ്റ്റന്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്ട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത്. ഇതിനു പിന്നാലെ അശ്വിനെതിരേ മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങളില്‍ നിന്നുപോലും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

അശ്വിന്റേത് ക്രിക്കറ്റിന്റെ സ്പിരിറ്റിന് നിരക്കാത്ത പ്രവൃത്തിയാണെന്നും ചതിപ്രയോഗമാണെന്നുമായിരുന്നു വിമര്‍ശനങ്ങള്‍.

Content Highlights: how mankading incident affected rajasthan royals