ചെന്നൈ: ഏറെ നാളായി ഇന്ത്യന്‍ ടീമില്‍ കാണാത്ത ഹര്‍ഭജന്‍ സിങ്ങിന്റെ തിരിച്ചുവരവിനാണ് ആരാധകര്‍ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ സാക്ഷ്യം വഹിച്ചത്. ബാംഗ്ലൂരിന്റെ കരുത്തനായ ക്യാപ്റ്റന്‍ വിരാട് കോലി, ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ മോയിന്‍ അലി, ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ ഭാജിയുടെ സ്പിന്നിന് മുന്നില്‍ മുട്ടുമടക്കി.

എട്ടു പന്തില്‍ ഒമ്പത് റണ്‍സടിച്ച മോയിന്‍ അലിയെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയതോടെ ഇന്ത്യന്‍ സ്പിന്നര്‍ ഒരു റെക്കോഡ് കൂടി സ്വന്തം പേരില്‍ കുറിച്ചു. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റിട്ടേണ്‍ ക്യാച്ച് പുറത്താക്കലുകള്‍ സ്വന്തമാക്കുന്ന താരമായി ഹര്‍ഭജന്‍ സിങ്ങ്.

കോട്ട് ആന്റ് ബൗള്‍ഡ് രീതിയില്‍ 11 വിക്കറ്റുകളാണ് ഹര്‍ഭജന്റെ അക്കൗണ്ടിലുള്ളത്. ചെന്നൈയുടെ തന്നെ ഡ്വെയിന്‍ ബ്രാവോയ്‌ക്കൊപ്പം പത്ത് വിക്കറ്റുകളുമായി ഇതുവരെ റെക്കോഡ് പങ്കിടുകയായിരുന്നു ഭാജി. സുനില്‍ നരെയ്ന്‍ ഏഴ് വിക്കറ്റുമായി മൂന്നാമതും കീറണ്‍ പൊള്ളാര്‍ഡ് ആറു വിക്കറ്റുമായി നാലാം സ്ഥാനത്തുമുണ്ട്.

 

Content Highlights: Harbhajan Singh roars back to form with Kohli, Moeen, de Villiers wickets IPL 2019