2015 ജൂലൈ ഐ.പി.എല്ലിനെ പിടിച്ചുകുലുക്കിയ വര്‍ഷമായിരുന്നു. വാതുവെപ്പിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനേയും രാജസ്ഥാന്‍ റോയല്‍സിനേയും ലോധ കമ്മിറ്റി രണ്ടു വര്‍ഷത്തേക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് വിലക്കി. ചെന്നൈ മഞ്ഞപ്പടയുടെ ആരാധകരെ മുഴുവന്‍ നിരാശരാക്കുന്നതായിരുന്നു ആ തീരുമാനം. അങ്ങനെ ഇരുടീമുകളുമില്ലാതെ ഐ.പി.എല്ലിന്റെ രണ്ട് സീസണ്‍ കടന്നുപോയി.

പക്ഷേ 'ലേറ്റായി വന്താലും ലേറ്റസ്റ്റാ വരുവേന്‍' സ്റ്റൈലില്‍ ചെന്നൈ മച്ചാന്‍സ് ഐ.പി.എല്ലിലേക്ക് തിരിച്ചുവന്നു. ആരാധകര്‍ സ്‌നേഹത്തോടെ തല എന്നു വിളിക്കുന്ന ധോനിയുടെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈ കിരീടമുയര്‍ത്തി. 

ചെന്നൈയുടെ ഈ അതിജീവനത്തിന്റെ കഥ ഡോക്യുമെന്ററി രൂപത്തില്‍ ആരാധകരുടെ മുന്നിലെത്തുകയാണ്. 'റോര്‍ ഓഫ് ദ ലയണ്‍' എന്നു പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി ഹോട്ട് സ്റ്റാറിലൂടെയാണ് ആരാധകര്‍ക്ക് മുന്നിലെത്തുക. ആ ഇരുണ്ട രണ്ടു വര്‍ഷത്തെ കുറിച്ച് ധോനി ഡോക്യുമെന്ററിയില്‍ മനസ്സു തുറക്കുന്നുണ്ട്. 

ധോനിയുടെ അഭിമുഖത്തില്‍ നിന്നുള്ള ഭാഗങ്ങള്‍:

ഒത്തുകളി ആരോപണങ്ങള്‍ 2013-ലെ ഐ.പി.എല്‍ ഫൈനലിന്റെ നിറം കെടുത്തിയതിനെ കുറിച്ച്

എന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ വര്‍ഷമായിരുന്നു 2013. അന്ന് തളര്‍ന്നതുപോലെ പിന്നീടൊരിക്കലും ഞാന്‍ തളര്‍ന്നിട്ടില്ല. 2007ലെ ലോകകപ്പില്‍ ഗ്രൂപ്പ് സ്റ്റേജില്‍ തോറ്റതിന് ശേഷം ഇത്തരം ഒരു അവസ്ഥയിലൂടെ ഞാന്‍ കടന്നുപോകുന്നത് ആദ്യമായിട്ടായിരുന്നു. പക്ഷേ 2007-ല്‍ ഞങ്ങള്‍ നന്നായി കളിക്കാത്തതുകൊണ്ടാണ് തോറ്റത്. പക്ഷേ 2013-ല്‍ അങ്ങനെ ആയിരുന്നില്ല കാര്യങ്ങള്‍. ആളുകളെല്ലാം സംസാരിക്കുന്നത് ഒത്തുകളിയേയും വാതുവെപ്പിനേയും കുറിച്ചായിരുന്നു. രാജ്യത്ത് ഏറ്റവും ചര്‍ച്ചാവിഷയം അതായിരുന്നു. ആദ്യം ഗുരുവിന്റെ (ഗുരുനാഥ് മെയ്യപ്പന്‍) പേര് ഉയര്‍ന്നുവന്നു. അദ്ദേഹം ടീമിന്റെ ഭാഗമാണെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു. പക്ഷേ അദ്ദേഹം ഏത് പൊസിഷനിലായിരുന്നു ഉണ്ടായിരുന്നത് എന്നത് അറിയില്ല. അദ്ദേഹം ശരിക്കും ആരായിരുന്നു? ടീമിന്റെ ഉടമസ്ഥനായിരുന്നോ?, ടീം പ്രിന്‍സിപ്പള്‍ ആയിരുന്നോ? അതോ മോട്ടിവേറ്ററുടെ റോള്‍ ആയിരുന്നോ? ചെന്നൈ ഫ്രാഞ്ചൈസിയിലെ ആരെങ്കിലും അദ്ദേഹത്തെ ടീം ഉടമസ്ഥനായി പരിചയപ്പെടുത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. മരുമകന്‍ (ടീം ഉടമസ്ഥന്‍ ശ്രീനിവാസന്റെ) എന്ന  നിലയിലാണ് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കം അദ്ദേഹത്തെ പരിചയം.

ഒത്തുകളി ആരോപണത്തില്‍ തന്റെ പേരും പരാമര്‍ശിക്കപ്പെട്ടതിനെ കുറിച്ച്

വാതുവെപ്പില്‍ എന്റെ പേരും ഉയര്‍ന്നു വന്നിരുന്നു. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ടീമും ഞാനും വാതുവെപ്പില്‍ ഉള്‍പ്പെട്ടു എന്നാണ് പ്രചരിപ്പിച്ചിരുന്നത്. ഇത് ക്രിക്കറ്റില്‍ സാധ്യമാണോ? അതെ, സാധ്യമാണ്. ആര്‍ക്കു വേണമെങ്കിലും വാതുവെപ്പില്‍ പങ്കാളിയാകാം. അമ്പയര്‍മാര്‍ക്ക് ചെയ്യാം, ബാറ്റ്‌സ്മാന്‍മാര്‍ക്ക് ചെയ്യാം, ബൗളര്‍മാര്‍ക്ക് ചെയ്യാം...പക്ഷേ കളിക്കാരുടെ സഹകരണമാണ് വാതുവെപ്പില്‍ കൂടുതല്‍ വേണ്ടത്. 

നിങ്ങള്‍ മാനസികമായി ശക്തനാണെന്ന് ആളുകള്‍ കരുതിയാല്‍ പിന്നീട് ഒരു പ്രശ്‌നമുണ്ട്. ആരും വന്ന് നിങ്ങള്‍ക്ക് സുഖമാണോ എന്ന് ചോദിക്കില്ല. എന്റെ കാര്യത്തിലും സംഭവിച്ചത് ഇതാണ്. എനിക്ക് ആരോടും സംസാരിക്കാനുണ്ടായിരുന്നില്ല. അതേസമയം അതെന്നെ ചൂഴ്‌ന്നെടുക്കുന്നുണ്ടായിരുന്നു. എന്റെ കളിയെ ഒന്നും ബാധിക്കരുത് എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. എന്നെ സംബന്ധിച്ച് ക്രിക്കറ്റ് ആണ് ഏറ്റവും പ്രധാനം. 

എന്തുകൊണ്ടാണ് ഒത്തുകളി ആരോപണങ്ങള്‍ യുക്തിപരമല്ലെന്ന് പറയുന്നത് 

ഞാന്‍ ഇന്ന് എവിടെ എത്തി നില്‍ക്കുന്നുവോ അതെല്ലാം തന്നത് ക്രിക്കറ്റാണ്. എന്റെ നേട്ടങ്ങളെല്ലാം ക്രിക്കറ്റിലൂടെയാണ്. അതുകൊണ്ട് തന്നെ ഞാന്‍ ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യം കൊലപാതകമായിരിക്കില്ല, അത് ഒത്തുകളിയായിരിക്കും. കാരണം അത് എനിക്ക് എളുപ്പത്തില്‍ ചെയ്യാനാകും. ഞാന്‍ അങ്ങനെ ഒന്നിന്റെ ഭാഗമായാല്‍ അതിന്റെ അനന്തരഫലം വലുതായിരിക്കും. ഇപ്പോള്‍ ഒരു മത്സരം വലിയ മാര്‍ജിനില്‍ വിജയിച്ചാല്‍ ആളുകള്‍ കരുതും അതില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന്. അത് ക്രിക്കറ്റിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുത്തു. ഇതിനേക്കാള്‍ പ്രയാസമായ ഒരു കാര്യം ഞാന്‍ എന്റെ ജീവിതത്തില്‍ കൈകാര്യം ചെയ്തിട്ടില്ലെന്ന് തോന്നുന്നു.

ഇത്രയും സംഭവ വികാസങ്ങളുണ്ടായിട്ടും നിശബ്ദത പാലിച്ചതിനെ കുറിച്ച്

ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് നിരവധി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കേണ്ടതായി വരും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ഐ.പി.എല്ലിനും ഇടയില്‍ വ്യക്തമായ ഒരു അതിര്‍ത്തിയുണ്ട്. ഇത്തരം കാര്യങ്ങള്‍ മനസ്സിലുണ്ടാകുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് എളുപ്പമായിരിക്കില്ല. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ എന്തു പറഞ്ഞു എന്ന് ആരും ഓര്‍ത്തെടുക്കില്ല. നിങ്ങള്‍ ടീമിനായി എന്തു ചെയ്തു എന്നത് മാത്രമേ ഓര്‍ക്കൂ. 

ലോധ കമ്മിറ്റി നല്‍കിയ ശിക്ഷയുടെ തീവ്രതയെ കുറിച്ച്

ഞങ്ങള്‍ക്കറിയാമായിരുന്നു ആ ശിക്ഷയെ കുറിച്ച്. അത്രയും ശക്തമായ ഒരു നടപടി ഞങ്ങള്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് ശിക്ഷ ലഭിക്കേണ്ടതു തന്നെയാണ്. പക്ഷേ ഇത്ര കടുത്ത ശിക്ഷ വേണ്ടിയിരുന്നില്ല. ചെന്നൈയെ രണ്ടു വര്‍ഷത്തേക്ക് വിലക്കി എന്ന് ഒടുവില്‍ ഞങ്ങള്‍ അറിഞ്ഞു. സങ്കീര്‍ണമായ മാനസികാവസ്ഥയിലൂടെയായിരുന്നു ആ സമയത്ത് കടന്നുപോയത്. കാരണം ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ വ്യക്തിപരമായി എടുക്കും. ക്യാപ്റ്റനെന്ന നിലയില്‍ നാലു ഭാഗത്ത് നിന്നും ചോദ്യങ്ങള്‍ നേരിടേണ്ടി വരും. ടീം എന്തു തെറ്റു ചെയ്തു എന്നായിരിക്കും എല്ലാവര്‍ക്കും അറിയേണ്ടത്. അതേ, ഞങ്ങളുടെ ഫ്രാഞ്ചൈസിയുടെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ട്. പക്ഷേ അതിന് കളിക്കാര്‍ എന്തു പിഴച്ചു. ഞങ്ങള്‍ എന്തു തെറ്റാണ് ചെയ്തത്. 

ചെന്നൈയുമായുള്ള ബന്ധം

ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള എന്റെ ബന്ധം മാട്രിമോണിയല്‍ സൈറ്റിലൂടെ ശരിയായ അറേഞ്ച്ഡ് മാര്യേജ് പോലെയാണ്. ആരാധകരില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്ന സ്‌നേഹവും ബഹുമാനവും വിലമതിക്കാനാകാത്തതാണ്. ദൈവത്തെപ്പോലെയാണ് അവര്‍ ഞങ്ങളെ കാണുന്നത്. 

(ഹോട്ട് സ്റ്റാറില്‍ സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററി Roar of the Lion-ന്റെ ആദ്യ എപ്പിസോഡായ What did we do wrong?’ -ല്‍ നിന്നുള്ള ഭാഗങ്ങള്‍)

Content Highlights: Everything MS Dhoni had to say about CSK’s two year IPL ban