ഹൈദരാബാദ്: കാഗിസൊ റബാദയുടേയും കീമോ പോളിന്റേയും ക്രിസ് മോറിസിന്റേയും ബൗളിങ്ങിന് മുന്നില്‍ മുട്ടുവിറച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തോല്‍വി. ഡല്‍ഹി ക്യാപിറ്റില്‍സ് 39 റണ്‍സിനാണ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. 156 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് 18.5 ഓവറില്‍ 116 റണ്‍സിന് എല്ലാവരും പുറത്തായി. 

ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ക്കും ബെയര്‍‌സ്റ്റോവിനും ഒഴികെ ഹൈദരാബാദ് നിരയില്‍ ആര്‍ക്കും തിളങ്ങാനായില്ല. വാര്‍ണര്‍ 47 പന്തില്‍ 51 റണ്‍സ് അടിച്ചപ്പോള്‍ ബെയര്‍സ്‌റ്റോ 31 പന്തില്‍ 41 റണ്‍സ് കണ്ടെത്തി. എന്നാല്‍ പിന്നീട് ആര്‍ക്കും രണ്ടക്കം കാണാനായില്ല. 

റബാദ 3.5 ഓവറില്‍ 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു. ക്രിസ് മോറിസ് മൂന്ന് ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തു. കീമോ പോള്‍ നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. 15 റണ്‍സെടുക്കുന്നതിനിടയിലാണ് ഹൈദരാബാദിന് അവസാന എട്ടു വിക്കറ്റ് നഷ്ടമായത്. 

നേരത്തെ 40 റണ്‍സ് നേടിയ കോളിന്‍ മണ്‍റോ, 45 റണ്‍സ് അടിച്ച ശ്രേയസ് അയ്യര്‍ എന്നിവരുടെ മികവാണ് ഡല്‍ഹിക്ക് തുണയായത്. 24 പന്തില്‍ നാല് ഫോറും മൂന്നു സിക്‌സും സഹിതമായിരുന്നു മണ്‍റോയുടെ 40 റണ്‍സ്. 40 പന്തില്‍ അഞ്ച് ഫോറിന്റെ അകമ്പടിയോടെ ആയിരുന്നു ശ്രേയസിന്റെ ഇന്നിങ്‌സ്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍ രണ്ടും ഖലീല്‍ അഹമ്മദ് മൂന്നും വിക്കറ്റ് വീഴ്ത്തി.

Content Highlights: Delhi Capitals win vs Sun Risers Hyderabad IPL 2019