ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഋഷഭ് പന്തിന് റെക്കോഡ്. ഒരു ട്വന്റി-20 ടൂര്‍ണമെന്റില്‍ 20 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ് പന്ത് സ്വന്തമാക്കിയത്. ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ താരമായിരുന്ന കുമാര്‍ സംഗക്കാരയെ ഋഷഭ് മറികടന്നു. 2011 സീസണില്‍ 19 പേരെയാണ് സംഗക്കാര പുറത്താക്കിയിരുന്നത്. ഈ അടുത്ത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നൂറുല്‍ ഹസ്സനും 19 പേരെ പുറത്താക്കിയിരുന്നു.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഋഷഭ് രണ്ട് പേരെ ക്യാച്ചിലൂടെ പുറത്താക്കിയിരുന്നു. ക്ലാസനും ഗുല്‍ക്രീതും ഡല്‍ഹി വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഇതുവരെ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 15 പേരെ ക്യാച്ചിലൂടെയും അഞ്ചു പേരെ സ്റ്റമ്പിങ്ങിലൂടെയും ഋഷഭ് പുറത്താക്കി. 

12 മത്സരങ്ങളില്‍ 343 റണ്‍സ് നേടിയ ഡല്‍ഹി യുവതാരം ബാറ്റുകൊണ്ടും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. രണ്ട് അര്‍ദ്ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.

Content Highlights: Delhi Capitals star Rishabh Pant surpasses Kumar Sangakkara to set new IPL record