ചെന്നൈ: കഴിഞ്ഞ ദിവസം കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിനിടെ എം.എസ് ധോനിയില്‍ നിന്ന് ദീപക് ചാഹറിന് കേള്‍ക്കാത്ത ചീത്തയില്ല. തുടര്‍ച്ചയായി നോ ബോളുകള്‍ എറിഞ്ഞതോടെയായിരുന്നു ഇത്. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ചാഹര്‍ തിരിച്ചുവന്നു. ഓപ്പണിങ് സ്‌പെല്ലില്‍ മൂന്ന് വിക്കറ്റെടുത്ത് ചെന്നൈയുടെ വിജയശില്‍പ്പിയായി. 

ഒപ്പം ഒരു റെക്കോഡ് കൂടി താരം സ്വന്തം പേരില്‍ ചേര്‍ത്തു. ഐ.പി.എല്ലില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോളുകള്‍ എറിയുന്ന ബൗളറെന്ന റെക്കോഡ്. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ചാഹര്‍ 20 ഡോട്ട് ബോളുകളാണ് എറിഞ്ഞത്. ആകെ നാല് പന്തില്‍ മാത്രമാണ് കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്തിയത്. 

നേരത്തെ ആശിഷ് നെഹ്‌റയുടേയും മുനാഫ് പട്ടേലിന്റേയും പേരിലായിരുന്നു ഈ റെക്കോഡ്. നാല് ഓവറില്‍ 19 ഡോട്ട് ബോളുകളാണ് മുനാഫും നെഹ്‌റയും എറിഞ്ഞത്. 

ആദ്യ ഓവറില്‍ ഓവര്‍ ത്രോയിലൂടെ ഫോര്‍ അടക്കം ആറു റണ്‍സ് വഴങ്ങിയ ചാഹര്‍ ക്രിസ് ലിന്നിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി. ഇതില്‍ ഒരു സിംഗിളും ഒരു ലെഗ്‌ബൈ റണ്ണുമാണ് വന്നത്. നാല് റണ്‍സ് ഓവര്‍ ത്രോയിലൂടെ ആയിരുന്നു. 

രണ്ടാം ഓവറില്‍ വിട്ടുകൊടുത്തത് വൈഡ് എറിഞ്ഞ് ഒരു റണ്‍സ് മാത്രം. ആ ഓവറില്‍ റാണയെ ചാഹര്‍ തിരിച്ചയച്ചു.  മൂന്നാം ഓവറില്‍ ഉത്തപ്പ ചാഹറിനെതിരേ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി നേടി. എന്നാല്‍ നാലാം പന്തില്‍ തന്നെ ഉത്തപ്പയെ പുറത്താക്കി ചാഹര്‍ തിരിച്ചുവന്നു. 

പിന്നീട് നിര്‍ണായകമായ 19-ാം ഓവറായിരുന്നു ധോനി താരത്തെ ഏല്‍പ്പിച്ചത്. ക്രീസിലുണ്ടായിരുന്നത് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആന്ദ്രെ റസലും. എന്നാല്‍ ഒരൊറ്റ സിക്‌സ് മാത്രം നേടാനെ റസലിന് കഴിഞ്ഞുള്ളു. 

Content Highlights: Deepak Chahar breaks the record for most dot balls bowled in an innings