ജയ്പുര്‍: ജോസ് ബട്‌ലറെ വിവാദ മങ്കാദിങ്ങിലൂടെ പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍.അശ്വിന്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ വിജയിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അശ്വിന്‍. ആ റണ്‍ ഔട്ട് സ്വാഭാവികമായി സംഭവിച്ചതാണെന്നും പന്തെറിയും മുമ്പെ ബട്‌ലര്‍ ക്രീസ് വിട്ടെന്നും അശ്വിന്‍ വ്യക്തമാക്കുന്നു. 

'അത് എന്റെ അവസരമായിരുന്നു. ഞാന്‍ ക്രീസില്‍ പോലുമായിരുന്നില്ല. ബട്‌ലര്‍ ബൗളറായ എന്നെ ശ്രദ്ധിക്കുന്നില്ലായിരുന്നു. ഒന്നും നോക്കാതെ ക്രീസില്‍ നിന്ന് കയറുകയാണ് ചെയ്തത്. ഞാന്‍ അത് നേരത്തെ പ്ലാന്‍ ചെയ്തത് ഒന്നും അല്ല. മത്സരത്തിന്റെ നിയമാവലിയില്‍ അങ്ങനെ ഒരു വിക്കറ്റുണ്ട്. ഇക്കാര്യത്തില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് പറഞ്ഞ് വിമര്‍ശിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഐ.സി.സിയുടെ നിയമാവലിയില്‍ ഒരു നിയമമുണ്ടെങ്കില്‍ അത് നിയമം തന്നെയാണ്.' അശ്വിന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

'ഇത്തരം സംഭവങ്ങള്‍ മത്സരത്തിന്റെ ഗതി തന്നെ മാറ്റുന്നതാണ്. അതുകൊണ്ടുതന്നെ ബാറ്റ്‌സ്മാന്‍മാര്‍ എപ്പോഴും ജാഗരൂകരായിരിക്കണം.' അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം ഈ വിഷയത്തില്‍ പ്രതികരിക്കാനില്ല എന്നായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ പ്രതികരണം. ഈ സംഭവത്തെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ എടുത്ത് മുന്നോട്ടു പോകാനാണ് ടീമിന്റെ തീരുമാനമെന്നും രഹാനെ വ്യക്തമാക്കി. മികച്ച തുടക്കമാണ് കിട്ടിയത്. 24 പന്തില്‍ 39 റണ്‍സ് നേടാനാകും എന്നാണ് കരുതിയത്. ബട്‌ലറുടേയും ജോഫ്ര ആര്‍ച്ചറുടേയും പ്രകടനങ്ങള്‍ മത്സരത്തിന്റെ നല്ല വശങ്ങളാണ്. രഹാനെ പറയുന്നു. 

Content Highlighter: Ashwin mankads Buttler says it was instinctive