മുംബൈ: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് അവസാന രണ്ട് ഓവറില്‍ വിജയിക്കാന്‍ വേണ്ടത് 22 റണ്‍സായിരുന്നു. 19-ാം ഓവറില്‍ തന്നെ മുംബൈ വിജയതീരത്തെത്തി. സ്പിന്നര്‍ പവന്‍ നേഗിയെ പന്തേല്‍പ്പിച്ചതാണ് ബാംഗ്ലൂരിന് വിനയായത്. 

ക്രീസിലുണ്ടായിരുന്ന ഹാര്‍ദിക് പാണ്ഡ്യ നേഗിയുടെ ഓവറില്‍ രണ്ട് വീതം സിക്‌സും ഫോറും അടിച്ചു. ആ ഓവറിലെ അവസാന പന്തില്‍ ഒരു സിംഗിളുമെടുത്ത് മുംബൈയെ വിജയതീരത്തെത്തിച്ചു.

മത്സരശേഷം നേഗിയ 19-ാം ഓവര്‍ ഏല്‍പ്പിച്ച ബാംഗ്ലൂരിന്റെ ആ തീരുമാനത്തെ വിമര്‍ശിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. ഡെത്ത് ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയെപ്പോലെ ഒരു ബാറ്റ്‌സ്മാന്റെ മുന്നിലേക്ക് പന്തുമായി ഒരു സ്പിന്നറെ എന്തിന് പറഞ്ഞയച്ചു എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

എന്നാല്‍ ഈ തീരുമാനത്തിന് പിന്നില്‍ ക്യാപ്റ്റന്‍ വിരാട് കോലി ആയിരുന്നില്ല. ബൗളിങ് കോച്ച് ആശിഷ് നെഹ്‌റയുടെ തീരുമാനമായിരുന്നു. ഡഗ് ഔട്ടില്‍ നിന്ന് നേഗിക്ക് ഓവര്‍ നല്‍കാന്‍ നെഹ്‌റ നിര്‍ദേശം നല്‍കുകയായിരുന്നു. കോലി അത് അനുസരിക്കുകയും ചെയ്തു. പക്ഷേ ആ തീരുമാനം വന്‍ അബദ്ധമായിപ്പോയി.

Content Highlights: Ashish Nehra forces Virat Kohli to go with a spin bowler IPL 2019 RCB vs MI