മുംബൈ: ഒരു അഡാര്‍ ലൗ നായിക പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ അത്ര പെട്ടെന്ന് ഒന്നും ആരാധകര്‍ക്ക് മറക്കാനാകില്ല. കഴിഞ്ഞ ദിവസം നടന്ന ഐ.പി.എല്ലിനിടയിലും അങ്ങനെ ഒരു കണ്ണിറുക്കല്‍ ക്രിക്കറ്റ് ആരാധകര്‍ കണ്ടു. വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം അങ്കിത് രജ്പുത് ആയിരുന്നു പ്രിയയെ അനുകരിക്കാന്‍ ശ്രമിച്ചത്.

പ്രിയ റോഷനോടാണ് കണ്ണിറുക്കിയതെങ്കില്‍ അങ്കിതിന്റെ കണ്ണിറുക്കല്‍ മുംബൈ താരം കീറോണ്‍ പൊള്ളാര്‍ഡിനോടായിരുന്നു. പക്ഷേ അത് പ്രിയയുടെ അടുത്തുപോലും എത്തിയില്ലെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. 

അങ്കിത് അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ ആറു പന്തില്‍ 15 റണ്‍സായിരുന്നു മുംബൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് എറിയാന്‍ റണ്‍അപ് ചെയ്ത് വന്ന അങ്കിത് പന്ത് റിലീസ് ചെയ്തില്ല. ബൗളറുടെ മേലുള്ള സമ്മര്‍ദ്ദം വ്യക്തമാക്കുന്ന നിമിഷമായിരുന്നു അത്. എന്നാല്‍ ഈ പന്ത് എറിയാതെ പൊള്ളാര്‍ഡിനെ നോക്കി അങ്കിത് കണ്ണിറുക്കി.

പക്ഷേ ആ കണ്ണിറുക്കല്‍ വേണ്ടിയിരുന്നില്ല എന്ന് പിന്നീട് പഞ്ചാബ് ബൗളര്‍ക്ക് തോന്നിയിട്ടുണ്ടാകും. ആദ്യ പന്ത് നോ ബോള്‍ ആയി. അത് പൊള്ളാര്‍ഡ് സിക്‌സിലേക്ക് പറത്തി. രണ്ടാം പന്തില്‍ ഫ്രീ ഹിറ്റില്‍ മുംബൈ താരം ബൗണ്ടറി കണ്ടെത്തി. ഒരു പന്തില്‍ തന്നെ അങ്കിത് 11 റണ്‍സ് വഴങ്ങി. ഇതോടെ അഞ്ചു പന്തില്‍ നാല് റണ്‍സ് ആയി മുംബൈയുടെ വിജയലക്ഷ്യം. അടുത്ത പന്തില്‍ പൊള്ളാര്‍ഡിനെ അങ്കിത് പുറത്താക്കിയെങ്കിലും വിജയം കൈവിട്ടിരുന്നു. സിംഗിളും ഡബിളുമെടുത്ത് അല്‍സാരി ജോസഫും രാഹുല്‍ ചാഹറും മുംബൈയെ വിജയതീരത്തെത്തിച്ചു.

tweet

 

Content Highlights: Ankit Rajpoot’s Wink to Keiron Pollard During MI v KXIP