കൊല്‍ക്കത്ത: ഐ.പി.എല്‍ ഈ സീസണില്‍ ക്രിസ് ഗെയ്‌ലിനേയും പിന്നിലാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ആന്ദ്രെ റസ്സല്‍. ഈ സീസണിലെ ബൗണ്ടറികളുടെ എണ്ണത്തിലാണ് റസ്സല്‍ ഗെയ്‌ലിനെ മറികടന്നത്. ഇതുവരെ ഒമ്പത് മത്സരങ്ങളില്‍ 23 ഫോറും 39 സിക്‌സുമായി 62 തവണയാണ് റസ്സല്‍ പന്ത് അതിര്‍ത്തിക്ക് അപ്പുറത്തേക്ക് പായിച്ചത്. 26 സിക്‌സുകളാണ് ഈ സീസണില്‍ ക്രിസ് ഗെയ്‌ലിന്റെ അക്കൗണ്ടിലുള്ളത്. 

വെള്ളിയാഴ്ച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ റസ്സല്‍ അടിച്ചുകൂട്ടിയത് രണ്ടു ഫോറും ഒമ്പതു സിക്‌സുമാണ്. ആകെ നേടിയത് 25 പന്തില്‍ 65 റണ്‍സും. സീസണില്‍ ഒരു മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ക്‌സ് അടിച്ച രണ്ടാമത്തെ താരമെന്ന റെക്കോഡും ഈ മത്സരത്തിലൂടെ റസ്സല്‍ സ്വന്തമാക്കി. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 10 സിക്‌സ് നേടിയ വിന്‍ഡീസ് താരമായ കീറണ്‍ പൊള്ളാര്‍ഡാണ് ഒന്നാമത്. 

ഈ സീസണില്‍ ഇതുവരെ പത്തില്‍ കൂടുതല്‍ ബൗണ്ടറിയടിച്ചവരില്‍ ഫോറിനേക്കാള്‍ കൂടുതല്‍ സിക്‌സ് അടിച്ച രണ്ടു താരങ്ങളില്‍ ഒരാളും റസ്സലാണ്. 10 ഫോറും 17 സിക്‌സും അടിച്ച ആര്‍സിബി താരം മോയിന്‍ അലിയാണ് മറ്റൊരാള്‍. ഇത്തവണ 200-ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുള്ള ഒരു താരവും റസ്സല്‍ തന്നെയാണ്. 220.46 ആണ് റസ്സലിന്റെ സ്‌ട്രൈക്ക് റേറ്റ്. 

ബാറ്റിങ് ശരാശരിയില്‍ വിന്‍ഡീസ് താരം രണ്ടാം സ്ഥാനത്തുണ്ട്, 75.40. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ് ധോനി 76.66 ബാറ്റിങ് ശരാശരിയുമായി ഒന്നാമത് നില്‍ക്കുന്നു. ടോപ്പ് സ്‌കോറര്‍മാരില്‍ മുന്നിലുള്ള ഡേവിഡ് വാര്‍ണര്‍ 75.00 ബാറ്റിങ് ശരാശരിയുമായി മൂന്നാം സ്ഥാനത്തുണ്ട്. 

Content Highlights: Andre Russell Boundary Records IPL 2019 KKR Chris Gayle