കൊല്‍ക്കത്ത: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലിലെത്തിയിട്ടുണ്ടെങ്കില്‍ അതിന് ടീം കടപ്പെട്ടിരിക്കുന്നത് അഫ്ഗാന്‍ താരം റാഷിദ് ഖാനോടാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ രണ്ടാം ക്വാളിഫയറില്‍ റാഷിദിന്റെ ഓള്‍ റൗണ്ട് പ്രകടനമാണ് ഹൈദരാബാദിന് തുണയായത്. ഇതോടെ റാഷിദ് ഖാന് സൂപ്പര്‍ ഹീറോ ആയി. അഫ്ഗാന്‍ താരത്തിനുള്ള അഭിനന്ദനം കൊണ്ട് സോഷ്യല്‍ മീഡിയ നിറയുകയും ചെയ്തു. അതിനിടയില്‍ റാഷിദിന് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ ആരാധകരും ട്വീറ്റ് ചെയ്തു.

എന്നാല്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിക്ക് അത്രത ഇഷ്ടപ്പെട്ടില്ല. ക്രിക്കറ്റിന് ഒരു മുതല്‍ക്കൂട്ടാണ് റാഷിദ് ഖാനെന്നും അദ്ദേഹത്തെ ആര്‍ക്കും വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഷ്‌റഫ് ഗനി വ്യക്തമാക്കി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അഫ്ഗാന്‍ പ്രസിഡന്റ് റാഷിദിനെ അഭിനന്ദിച്ചത്.

റാഷിദ് ഖാന്റെ പ്രകടനത്തില്‍ അഫ്ഗാനിസ്ഥാനിലെ ഓരോരുത്തരും അഭിമാനിക്കുന്നുവെന്നും  മികവ് പുറത്തെടുക്കാന്‍ അഫ്ഗാന്‍ താരങ്ങള്‍ക്ക് അവസരം നല്‍കിയ ഇന്ത്യയിലെ സുഹൃത്തുക്കളോട് നന്ദി പറയുന്നുവെന്നും അഫ്ഗാന്‍ പ്രസിഡന്റ് ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തായിരുന്നു അഷ്‌റഫ് ഗനിയുടെ ട്വീറ്റ്. 

ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഈ ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. എല്ലാ ട്വീറ്റുകളും കണ്ടെന്നും കേന്ദ്ര ആഭ്യന്തര വകുപ്പാണ് പൗരത്വം സംബന്ധിച്ചുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നുമായിരുന്നു സുഷമ സ്വരാജിന്റെ ട്വീറ്റ്. എന്നാല്‍ പിന്നീട് ഈ ട്വീറ്റ് നീക്കം ചെയ്തു.

TWEET

Content Highlights: We won't give Rashid Khan away says Afghan President Ghani IPL 2018