വാംഖഡെ: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മൂന്നാം കിരീടത്തിലേക്ക് നയിച്ചത് ഷെയ്ന്‍ വാട്‌സണ്‍ന്റെ പവര്‍ പാക്ക് സെഞ്ചുറിയാണ്. 57 പന്തില്‍ 11 ഫോറും എട്ടു സിക്‌സുമടക്കം 117 റണ്‍സ് അടിച്ചെടുത്ത ഓസീസ് താരത്തിന്റെ പ്രകടനത്തിന് മുന്നില്‍ ഹൈദരാബാദിന് മറുപടിയുണ്ടായിരുന്നില്ല. ഒടുവില്‍ ചെന്നൈ കിരീടമുയര്‍ത്തിയപ്പോള്‍ വാട്‌സണ്‍ ഫൈനലിലെ താരമായി.

പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനും ക്യാപ്റ്റന്‍ എം.എസ് ധോനിക്കുമാണ് തന്റെ സെഞ്ചുറിയുടെ എല്ലാ ക്രെഡിറ്റും വാട്‌സണ്‍ നല്‍കുന്നത്. 'ഫ്‌ളെമിങ്ങും ധോനിയും എനിക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കി. ഫൈനലിലെ ഇന്നിങ്‌സ് പോലൊന്ന് അവര്‍ക്കും ടീമിനും തിരിച്ചുനല്‍കാനായതില്‍ സന്തോഷമുണ്ട്. ആദ്യത്തെ പത്ത് പന്തില്‍ പത്ത് റണ്‍സെങ്കിലും ലഭിക്കണമെന്നായിരുന്നു ആഗ്രഹം. ആ കണക്കു കൂട്ടലുകള്‍ നടന്നില്ലെങ്കിലും പതുക്കെ ബാറ്റിങ്ങില്‍ താളം കണ്ടെത്തുകായിയിരുന്നു. ഈ സീസണെക്കുറിച്ച് പറയുകയാണെങ്കില്‍ അത് വളരെ പ്രത്യേകത നിറഞ്ഞതായിരുന്നു. ചെന്നൈയെപ്പോലൊരു ടീം എന്ന് പറഞ്ഞാല്‍ അത് എനിക്ക് അത്ര മാത്രം പ്രിയപ്പെട്ടതാണ്.' വാട്‌സണ്‍ വ്യക്തമാക്കി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഭുവനേശ്വര്‍ കുമാറിന്റെ ബൗളിങ്ങിനേയും വാട്‌സണ്‍ പ്രശംസിച്ചു. മികച്ച രീതിയിലാണ് ഭുവി പന്തെറിഞ്ഞതെങ്കിലും അതിനെ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞു. അത് ഇന്നിങ്‌സില്‍ നിര്‍ണായകമായിരുന്നു. 

അടുത്ത നാല് മാസം ഇനി വിശ്രമത്തിന്റേതാണന്നും മികച്ച രീതിയില്‍ തിരിച്ചുവരാനാണ് ആ സമയം ഉപയോഗപ്പെടുത്തുകയെന്നും വാട്‌സണ്‍ വ്യക്തമാക്കി. 

Content Highlights: Stephen Fleming, MS Dhoni Looked After Me Really Well, Says Shane Watson