കൊല്‍ക്കത്ത: എെ.പി.എല്ലിൽ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലേറ്റ തോല്‍വി കൊല്‍ക്കത്ത നൈറ്റ് റൈഡേഴിസിന് മറക്കാനാവില്ല. അന്ന് ടീമിന്റെ സഹഉടമസ്ഥനായ ഷാരൂഖ് ഖാന്‍ ട്വിറ്ററിലൂടെ ആരാധകരോട് മാപ്പ് ചോദിച്ചിരുന്നു. മത്സരശേഷം നിരാശയോടെ തല താഴ്ത്തിയിരിക്കുന്ന ഷാരൂഖിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൻതോതിൽ പ്രരിക്കപ്പെട്ടു.

എന്നാല്‍ പിന്നീട് രാജസ്ഥാനും പഞ്ചാബിനുമെതിരേ കൊല്‍ക്കത്ത ജയിച്ചു. തോല്‍വിയില്‍ അടി പതറിയ ടീമിനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചതില്‍ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിന് വലിയ പങ്കുണ്ട്. പഞ്ചാബിനെതിരേ കാര്‍ത്തികിന്റെ സിക്‌സിലൂടെയാണ് കൊല്‍ക്കത്ത വിജയറണ്‍ നേടിയത്. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കൊല്‍ക്കത്ത. ഇനി ബാക്കിയുള്ള രണ്ട് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ വിജയിച്ചാല്‍ കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫിലെത്താം. 

കൊല്‍ക്കത്തയുടെ വിജയങ്ങള്‍ ടീമംഗങ്ങളെപ്പോലെത്തന്നെ ഷാരൂഖ് ഖാനേയും സന്തോഷിപ്പിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിനും ടീമംഗങ്ങള്‍ക്കും ട്വിറ്ററിലൂടെ അഭിനന്ദനമറിയിച്ചാണ് ഷാരൂഖ് തന്റെ സന്തോഷം പങ്കുവെച്ചത്. കാര്‍ത്തിക്കിന്റെ ചിരിക്കുന്ന മുഖത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തായിരുന്നു ഇത്. ഇനിയും ഒരു പുഞ്ചിരി ദൂരം മുന്നേറാനുണ്ട് എന്നും ട്വീറ്റില്‍ ഷാരൂഖ് പറയുന്നു.

Content Highlights:  Shahrukh Khan asks Kolkata Knight Riders' skipper Dinesh Karthik to keep 'smiles' on IPL 2018