വിക്കറ്റിന് പിന്നില്‍ മാത്രമല്ല ഗ്രൗണ്ടില്‍ ഏത് പൊസിഷനിലും താനൊരു മികച്ച ഫീല്‍ഡറാണെന്ന് അടിവരയിട്ട് ഉറപ്പിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. കഴിഞ്ഞ ദിവസം മുംബൈക്കെതിരെ നടന്ന മത്സരത്തില്‍ സഞ്ജു എടുത്ത മാസ്മരിക ക്യാച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചാവിഷയം. 20 മീറ്ററോളം ഓടിയെത്തി ഫുള്‍ ഡൈവിങ്ങിലൂടെ ഒറ്റ കൈയില്‍ സഞ്ജു എടുത്ത ക്യാച്ചിന് ഈ സീസണിലെ മികച്ച ക്യാച്ചുകളിലെ പട്ടികയില്‍ മുന്‍പന്തിയിലാണ് സ്ഥാനം. 

ആദ്യം ബാറ്റ് ചെയ്ത മുംബൈക്കെതിരെ ബെന്‍ സ്റ്റോക്ക്‌സ് എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്തിലാണ് പറക്കും ക്യാച്ചുമായി സഞ്ജു കളം നിറഞ്ഞത്. സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തില്‍ ഹര്‍ദിക്ക് പാണ്ഡ്യ ഉയര്‍ത്തിയടിച്ച പന്ത് മിഡ് വിക്കറ്റില്‍ നിന്ന് 20 മീറ്ററോളം ഓടിയെത്തി ഫുള്‍ ഡൈവിങ്ങിലാണ് സഞ്ജു കൈപിടിയിലൊതുക്കിയത്. താന്‍ പുറത്തായെന്ന് വിശ്വസിക്കാനാകാതെയാണ് പാണ്ഡ്യ കളംവിട്ടത്. ഇതടക്കം മൂന്ന് ക്യാച്ചുകള്‍ ഇന്നലെ സഞ്ജു സ്വന്തമാക്കിയിരുന്നു. കളിയില്‍ ഏഴു വിക്കറ്റിന് രാജസ്ഥാന്‍ റോയല്‍സ് മുംബൈയെ തോല്‍പ്പിക്കുകയും ചെയ്തു.

Content Highlights; Sanju Samson takes flying catch to dismiss Hardik Pandya