ജയ്പുര്‍: ഐ.പി. എല്ലില്‍ അരങ്ങേറ്റം കുറിച്ച ബാര്‍ബഡോസുകാരന്‍ ജോഫ്ര ആര്‍ച്ചറിന്റെ കണിശതയാര്‍ന്ന ബൗളിങ്ങിന് നന്ദി. സ്വന്തം തട്ടകത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിക്കാന്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ട് ഇരുപത് ഓവറില്‍ 168 റണ്‍സ് മാത്രം.

 ആദ്യം ബാറ്റ് ചെയ്ത മുംബൈയെ ഏഴിന് 167 റണ്‍സ് എന്ന അത്ര മെച്ചമല്ലാത്ത സ്‌കോറില്‍ ഒതുക്കിയത് അരങ്ങേറ്റ മത്സരത്തില്‍ തന്നെ മൂന്ന് വിക്കറ്റ് കൊയ്ത ആര്‍ച്ചറുടെ ബൗളിങ്ങാണ്. നാലോവറില്‍ 22 റണ്‍സ് വിട്ടുകൊടുത്താണ് ആര്‍ച്ചര്‍ മൂന്ന് വിക്കറ്റെടുത്തത്. ധവല്‍ കുല്‍ക്കര്‍ണി രണ്ടു വിക്കറ്റ് വീഴ്ത്തി.

 ഓപ്പണര്‍ സൂര്യകുമാര്‍ യാദവിനും ഇഷന്‍ കിഷനും മാത്രമാണ് രാജസ്ഥാന്‍ ബൗളര്‍മാരെ ചെറുക്കാനായത്. യാദവ് 47 പന്തില്‍ നിന്ന് 72ഉം ഇഷാന്‍ 42 പന്തില്‍ നിന്ന് 58 ഉം റണ്‍സെടുത്തു. പൊള്ളാര്‍ഡ് 20 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

 ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ലെവിസിനെ നഷ്ടപ്പെട്ട് വിറച്ചുപോയ മുംബൈയെ 129 റണ്‍സിന്റെ കൂട്ടുകെട്ടോടെ യാദവും കിഷനും കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആര്‍ച്ചറിന്റെ ഉശിരന്‍ ബൗളിങ്ങിന് മുന്നില്‍ മുംബൈയുടെ മധ്യനിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. പിന്നീട് ഇരുപത്തിയെട്ട് റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെയാണ് അവര്‍ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായത്.

 രോഹിത് ശര്‍മ റണ്ണൊന്നുമെടുക്കാതെ റണ്ണൗട്ടായപ്പോള്‍ വമ്പന്‍ അടിക്കാരന്‍  ഹര്‍ദിക് പാണ്ഡ്യ നാലു റണ്ണെടുത്താണ് മടങ്ങിയത്.

 നാലു കളികളില്‍ നിന്ന് ഒരു ജയം മാത്രം സ്വന്തമാക്കാനായ മുംബൈ രണ്ടു പോയിന്റോടെ എട്ടാമതാണ്. അഞ്ചു കളികളില്‍ രണ്ടെണ്ണം ജയിച്ച രാജസ്ഥാന്‍ നാലു  പോയിന്റോടെ ആറാമതും.