ബെംഗളൂരു:  ലാളിത്യത്തിന്റെ പേരില്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന താരമാണ് രാഹുല്‍ ദ്രാവിഡ്. കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ സയന്‍സ് എക്‌സ്ബിഷന്‍ ക്യൂവില്‍ നിന്ന് കണ്ടും ഡോക്ടറേറ്റ് വേണ്ടെന്ന് വെച്ചും രാഹുല്‍ ദ്രാവിഡ് ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിനിടയിലും അങ്ങനെയൊരു നിമിഷമുണ്ടായി.

കാണികളുടെ കണ്ണുകള്‍ മുഴവന്‍ ഗ്യാലറിയിലേക്കെത്തിച്ച നിമിഷം. ഒരു സാധാരണ ക്രിക്കറ്റ് ആരാധകനെപ്പോലെ ഗാലറിയിലിരുന്ന് കളി കാണുകയായിരുന്നു ഇന്ത്യയുടെ മുന്‍താരം. കൂടെ ഭാര്യ വിജേതയും മകന്‍ അന്‍വിതും ദ്രാവിഡിനൊപ്പമുണ്ടായിരുന്നു. 

വി.ഐ.പി ലോഞ്ച് വേണ്ടെന്ന് വെച്ച് ദ്രാവിഡ് ഗാലറിയിലെത്തിയപ്പോള്‍ കാണികള്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്. ദ്രാവിഡിന്റെ ഈ തീരുമാനത്തെ സോഷ്യല്‍ മീഡിയയിലും നിരവധി പേരാണ് അഭിനന്ദിച്ചത്.

Content Highlights: Rahul Dravid enjoys the RCB-KKR match from the normal stands IPL 2018