ന്യൂഡല്‍ഹി: ഐ.പി.എല്‍ പ്ലേ ഓഫ് കാണാതെയാണ് മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും പുറത്തായത്. നിര്‍ണായക മത്സരത്തില്‍ മുംബൈയെ ഡല്‍ഹി പരാജയപ്പെടുത്തിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റുപുറത്താകാനായിരുന്നു പഞ്ചാബിന്റെ വിധി. 

എന്നാല്‍ പഞ്ചാബ് തോറ്റതിന്റെ സങ്കടത്തേക്കാള്‍ മുംബൈ പുറത്തായതിന്റെ സന്തോഷത്തിലായിരുന്നു ബോളിവുഡ് താരവും പഞ്ചാബ് ടീം സഹഉടമസ്ഥയുമായ പ്രീതി സിന്റ. ട്വിറ്ററിലാണ് ഇക്കാര്യം ചര്‍ച്ചയാകുന്നത്. ജോഗ് ട്വീറ്റ്‌സ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് പ്രീതി സിന്റ മുംബൈയുടെ വിജയത്തില്‍ സന്തോഷിക്കുന്ന വീഡിയോ ട്വീറ്റ്‌ ചെയ്തത്. മത്സരത്തിനിടെ പ്രീതി സിന്റ ഇക്കാര്യം സുഹൃത്തിനോട് പറഞ്ഞ് ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്.

പ്രീതി സിന്റെയുടെ ചുണ്ടനക്കം നോക്കിയാണ് മുംബൈ തോറ്റ് പുറത്തായതില്‍ താന്‍ സന്തോഷിക്കുന്നുവെന്ന് അവര്‍ പറഞ്ഞതായി ഈ വീഡിയോ ട്വീറ്റില്‍ അനുമാനിക്കുന്നത്. ഏതാണ്ട് ഇതേ വാചകമാണ് പ്രീതി പറയുന്നതെന്ന് ചുണ്ടനക്കം നോക്കിയാല്‍ നമുക്കും തോന്നാം. ഐ ആം ജസ്റ്റ് വെരി ഹാപ്പി ദാറ്റ് മുംബൈ ഈസ് നോട് ഗോയിംഗ് ടു ദി ഫൈനല്‍സ്, റിയലി വെരി ഹാപ്പി എന്നാണ് പ്രീതി സുഹൃത്തിനോട് പറയുന്നത്. എന്നാല്‍ 'ഐ ആം ജസ്റ്റ് വെരി ഹാപ്പി ദാറ്റ് മുംബൈ ഈസ് ക്‌നോക്കഡ് ഔട്ട്, വെരി ഹാപ്പി' എന്നാണ് പ്രീതി പറയുന്നതെന്ന് മറ്റൊരു ആരാധകന്‍ അനുമാനിക്കുന്നു.

 Content Highlights: Preity Zinta’s happiness at Mumbai Indians exit goes viral