ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരശേഷം വീരേന്ദര്‍ സെവാഗിനെ ചീത്ത പറഞ്ഞെന്ന ആരോപണം തള്ളി കിങ്‌സ് ഇലവന്‍ പഞ്ചാമിന്റെ ഉടമയും ബോളിവുഡ് താരവുമായ പ്രീതി സിന്റ. രാജസ്ഥാനോട് ആറു വിക്കറ്റിന് തോറ്റതിന് പിന്നാലെയാണ് പഞ്ചാബ് ടീമിന്റെ മെന്ററായ സെവാഗിനോട് പ്രീതി മോശം രീതിയില്‍ സംസാരിച്ചുവെന്ന വാര്‍ത്ത വന്നത്. 

ടീമിന്റെ ടാക്ടിക്‌സ് പ്രീതി ചോദ്യം ചെയ്തുവെന്നും തുടര്‍ന്ന് സെവാഗ് രാജിസന്നദ്ധത അറിയിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് പ്രീതി വിശദീകരണവുമായി രംഗത്തുവന്നത്. സെവാഗും താനും തമ്മിലുള്ള സംഭാഷണം എത്ര വേഗത്തിലാണ് ദുര്‍വ്യാഖ്യാനിക്കപ്പെട്ടതെന്നും താന്‍ എത്ര പെട്ടെന്നാണ് വില്ലത്തിയായി മാറിയതെന്നും പ്രീതി ട്വീറ്റ് ചെയ്തു. 

നേരത്തെ പഞ്ചാബ് ടീമും ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തുവന്നിരുന്നു. ഓരോ മത്സരത്തിന് ശേഷവും അന്നത്തെ പ്രകടനത്തെ കുറിച്ച് ടീം വിശകലനം ചെയ്യാറുണ്ട്. എല്ലാവര്‍ക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരവും നല്‍കാറുണ്ട്.

ടീമിലെ സ്ഥാനത്തിന്റെ പേരിലോ മറ്റോ ആരും ആരോടും വേര്‍തിരിവും കാണിക്കാറില്ല. ഇത്രയും നല്ലൊരു അന്തരീക്ഷത്തില്‍ മുന്നോട്ടുപോകുന്ന ടീമിനെ കുറിച്ച് ഇങ്ങനെ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്യുന്നത് എന്തിനാണ്. ഇത് പഞ്ചാബ് ടീമിനേയും ഐ.പി.എല്ലിനേയും അപമാനിക്കുന്നതാണെന്നും ടീം ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

Content Highlights: Preity Zinta denies fallout with Virender Sehwag after Punjab's defeat against Rajasthan