മുംബൈ:  വിമാനത്താവളത്തില്‍ വെച്ച് മുംബൈ ഇന്ത്യന്‍സ് താരങ്ങളെ ഇമോജി കിറ്റ് ധരിച്ചതുകണ്ട് എല്ലാവരും അമ്പരന്നിരുന്നു. ടീം ടിഷര്‍ട്ട് എടുക്കാന്‍ മറന്നതു കൊണ്ടാണ് താരങ്ങള്‍ ഇമോജി കിറ്റ് ധരിച്ചത് എന്നൊക്കെയായിരുന്നു ആരാധകര്‍ കാരണമായി കണ്ടെത്തിയിരുന്നത്. എന്നാല്‍ അതിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണം അതല്ല.

പ്രത്യേക ഇമോജികള്‍ ധരിച്ച നീല ജമ്പ് സ്യൂട്ട് ധരിക്കുക എന്നത് അച്ഛടക്ക ലംഘനം നടത്തിയാല്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷയാണ്. അങ്ങനെയൊരു ശിക്ഷ മുംബൈയുടെ മൂന്നു താരങ്ങള്‍ക്ക് കിട്ടി. ഇഷാന്‍ കിഷന്‍, അന്‍കുല്‍ റോയ്, രാഹുല്‍ ചാഹര്‍ എന്നിവര്‍ക്കാണ് ഇമോജി കിറ്റ് ധരിക്കേണ്ടി വന്നത്. ജിമ്മില്‍ നിന്ന് മുങ്ങിയതിനും വൈകിയെത്തിയതിനുമാണ് മൂന്നു പേര്‍ക്കും ഇങ്ങനെയൊരു ശിക്ഷ ലഭിച്ചത്.

താരങ്ങള്‍ ഇമോജി കിറ്റ് ധരിച്ച് വിമാനത്താവളത്തില്‍ നില്‍ക്കുന്നതിന്റെ വീഡിയോ മുംബൈ ഇന്ത്യന്‍സ് ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ആളുകള്‍ പരിഹസിക്കുന്നത് കാണാതിരിക്കാന്‍ സണ്‍ ഗ്ലാസ് വെച്ചാണ് താരങ്ങള്‍ വിമാനത്താവളത്തിലിരിക്കുന്നത്. 

Content Highlights: Mumbai Indians devise unique punishment for players who skip training sessions