മുംബൈ: ഐ.പി.എല്‍ ഫൈനലിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ രസിപ്പിക്കുന്ന മറുപടിയുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനി. ഹര്‍ഭജന്‍ സിങ്ങിനെ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ലല്ലോ എന്ന ചോദ്യത്തിന് വീട്ടില്‍ ഒന്നിലധികം കാറും ബൈക്കുമുണ്ടെങ്കിലും എല്ലാം ഒരുമിച്ച് റൈഡ് ചെയ്യാറില്ല എന്നായിരുന്നു ചെന്നെ ക്യാപ്റ്റന്റെ കൂള്‍ മറുപടി. ഇതുകേട്ട് വാര്‍ത്താസമ്മേളനത്തിന് എത്തിയവരെല്ലാം ചിരിച്ചു.

'എന്റെ വീട്ടില്‍ കുറേ ബൈക്കും കാറുമുണ്ട്. എല്ലാം ഞാന്‍ ഒരുമിച്ച് റൈഡ് ചെയ്യാറില്ല. ടീമില്‍ നിലവാരമുള്ള ആറോ ഏഴോ ബൗളര്‍മാരുണ്ടാകുമ്പോള്‍ പല കാര്യങ്ങളും മുന്‍നിര്‍ത്തി വേണം ആരെ ഉപയോഗിക്കണം എന്ന് തീരുമാനിക്കാന്‍. കളിക്കുന്ന സാഹചര്യം നോക്കണം, ആര്‍ക്കെതിരെയാണ് കളിക്കുന്നതെന്ന് നോക്കണം, ആരെല്ലാമാണ് ബാറ്റ്‌സ്മാന്‍മാര്‍ എന്ന് നോക്കണം, ആ സമയത്ത് എന്താണ് ആവശ്യമുള്ളതെന്ന് നോക്കണം. അതിനനുസരിച്ച് ഏറ്റവും മികച്ച 11 പേരെയാണ് തിരഞ്ഞെടുക്കുന്നത്. അത് ടീം താത്പര്യത്തിന് അനുസരിച്ചാണ്. എന്റെ താത്പര്യമല്ല.' ധോനി വ്യക്തമാക്കി. 

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും വളരെ അനുഭവസമ്പത്തുള്ള ബൗളറാണ് ഭാജിയെന്നും ധോനി കൂട്ടിച്ചേര്‍ത്തു. ചെന്നൈയുടെ 15 മത്സരങ്ങളില്‍ 13 എണ്ണത്തിലാണ് ഹര്‍ഭജന്‍ കളിച്ചത്. 8.48 എക്കണോമി റേറ്റില്‍ ഏഴു വിക്കറ്റുമെടുത്തു.

Content Highlights: MS Dhoni on under using Harbhajan Singh IPL 2018 CSK