ന്യൂഡല്‍ഹി: രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലില്‍ ക്യാപ്റ്റന്‍ ധോനിയുടെ കീഴില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവച്ചുകൊണ്ടിരിക്കുന്നത്. 11-ാം സീസണിലെ ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാപ്പോള്‍ ഒൻപതാം തവണയും പ്ലേ ഓഫില്‍ ഇടം നേടിയിട്ടുണ്ട്. മത്സരിച്ച എല്ലാ സീസണുകളില്‍ പ്ലേ ഓഫ് കളിക്കുന്ന ഏക ടീമും ചെന്നൈയാണ്. ചെന്നൈയുടെ ഈ നേട്ടങ്ങള്‍ക്ക് പിന്നിലെല്ലാം ധോനിയുടെ സാന്നിധ്യം കണ്ടില്ലെന്ന് നടിക്കാനാവില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന അവസാന മത്സരത്തിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തില്‍ ഐപിഎല്ലില്‍ നിന്ന് വിരമിക്കലിന്റെ സൂചന നല്‍കിയിരിക്കുകയാണ് ധോനി. ചെന്നൈ ടീമില്‍ നേരത്തെയുണ്ടായിരുന്ന ചില മുതിര്‍ന്ന താരങ്ങളെ ഉള്‍പ്പെടുത്താന്‍ മാനേജ്‌മെന്റ് തയ്യാറാകാത്തതിലുള്ള നിരാശ ധോനിക്ക് ഇപ്പോഴും മാറിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

ഉടമസ്ഥര്‍ സമര്‍ഥരാണ്. കളിക്കാരുമായി ഏറെ അടുപ്പംപുലര്‍ത്തുന്നവരും അവരിലുണ്ട്. അവര്‍ക്ക് കളിയുടെ ചരിത്രമറിയാം. അങ്ങനെയുള്ളപ്പോള്‍ ക്യാപ്റ്റന് ജോലി എളുപ്പമാണ്. അതോടൊപ്പം തന്നെ നിങ്ങള്‍ക്കൊരു നല്ല ടീം ഇല്ലെങ്കില്‍ അത് പ്രയാസമായിരിക്കുമെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. രണ്ട് വര്‍ഷത്തിന് ശേഷം ടീമില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. പല മികച്ച താരങ്ങളും ഇപ്പോള്‍ ടീമിലില്ല. അക്കാലങ്ങള്‍ തങ്ങള്‍ക്ക് മികച്ചതായിരുന്നുവെന്നും ധോനി പറഞ്ഞു. 

തന്റെ ഇഷ്ടക്കാരെ ടീമിലെടുക്കാത്തതില്‍ നേരത്തെ തന്നെ ധോണി നീരസം പ്രകടിപ്പിച്ചിരുന്നു.

Content Highlights:  MS Dhoni drops a hint about when he will retire from Chennai Super Kings and IPL