കൊല്‍ക്കത്ത: ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ 71 റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഐ.പി.എല്ലില്‍ രണ്ടാം വിജയം. കൊല്‍ക്കത്തയിലെ ആരാധകര്‍ക്ക് മുന്നില്‍ കളിക്കാനിറങ്ങിയ ഗംഭീറും സംഘവും 14.2 ഓവറില്‍ കൂടാരം കയറുകയായിരുന്നു. 201 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹി 129 റണ്‍സിന് പുറത്തായി.

മൂന്നു വിക്കറ്റ് വീതമെടുത്ത കുല്‍ദീപ് യാദവും സുനില്‍ നരെയ്‌നുമാണ് കൊല്‍ക്കത്തയുടെ വിജയം എളുപ്പമാക്കിയത്. 43 റണ്‍സ് നേടിയ ഋഷഭ് പന്തും 47 റണ്‍സടിച്ച മാക്‌സ്‌വെല്ലും മാത്രമാണ് ഡല്‍ഹി ബാറ്റിങ് നിരയില്‍ പിടിച്ചുനിന്നത്. ബാക്കി എട്ട് ബാറ്റ്‌സ്മാന്‍മാരും രണ്ടക്കം കാണാതെ പുറത്തായി. എട്ടു റണ്‍സാണ് ക്യാപ്റ്റന്‍ ഗംഭീറിന്റെ സമ്പാദ്യം. 

നേരത്തെ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 200 റണ്‍സാണെടുത്തത്. 35 പന്തില്‍ അഞ്ചു ഫോറും നാലു സിക്സുമടക്കം 59 റണ്‍സടിച്ച നിധീഷ് റാണയാണ് കൊല്‍ക്കത്തയുടെ ടോപ്പ് സ്‌കോറര്‍. 12 പന്തില്‍ ആറു സിക്സുമായി 41 റണ്‍സടിച്ച ആന്ദ്രെ റസലിന്റെ ബാറ്റിങ്ങും കൊല്‍ക്കത്തയെ 200 റണ്‍സിലെത്താന്‍ സഹായിച്ചു. റോബിന്‍ ഉത്തപ്പ 35ഉം ക്രിസ് ലിന്‍ 31ഉം റണ്‍സ് നേടി.

17.2 ഓവറില്‍ 178 റണ്‍സിലെത്തിയ കൊല്‍ക്കത്തയ്ക്ക് പക്ഷേ അവസാന രണ്ട് ഓവറില്‍ വേണ്ടത്ര റണ്‍സ് കണ്ടെത്താനായില്ല. 20-ാം ഓവറില്‍ മൂന്നു വിക്കറ്റെടുത്ത രാഹുല്‍ തെവാതിയയാണ് കൊല്‍ക്കത്തയ്ക്ക് കടിഞ്ഞാണിട്ടത്. ക്രിസ് മോറിസും ട്രെന്റ് ബൗള്‍ട്ടും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: Kolkata Knight Riders vs Delhi Daredevils IPL 2018