ന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണില്‍ ഇടയ്ക്കിടെ മാറിമറിയുന്ന ഓറഞ്ച് ക്യാപ്പ്‌ ഇനി കെ.എല്‍. രാഹുലിന്റെ തലയില്‍. ഡല്‍ഹിയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ മറികടന്നാണ് പഞ്ചാബ് ഓപ്പണറായ കെഎല്‍ രാഹുല്‍ വീണ്ടും റണ്‍വേട്ടയില്‍ ഒന്നാമതെത്തിയത്. ബുധനാഴ്ച മുംബൈക്കെതിരെ നടന്ന മത്സരത്തില്‍ പഞ്ചാബ് പരാജയപ്പെട്ടെങ്കിലും ഒറ്റയാള്‍ പോരാട്ടത്തിലൂടെ 94 റണ്‍സ് നേടിയാണ് രാഹുല്‍ ഓറഞ്ച് ക്യാപ്പ്‌ സ്വന്തമാക്കിയത്. 

നിലവില്‍ 13 മത്സരങ്ങളില്‍ നിന്നായി 59.27 ശരാശരിയില്‍ 652 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം. ആറു അര്‍ധസെഞ്ച്വറി ഉള്‍പ്പെടെയാണിത്, പുറത്താകാതെ നേടിയ 95 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. തൊട്ടുപിന്നിലുള്ള പന്ത് ഒരു സെഞ്ച്വറിയും നാലു അര്‍ധസെഞ്ച്വറിയും സഹിതം നേടിയത് 582 റണ്‍സാണ്. 548 റണ്‍സോടെ ജോസ് ബട്ട്‌ലറാണ് മൂന്നാം സ്ഥാനത്ത്. ഓറഞ്ച് ക്യാപ്പ്‌ന് പുറമേ പര്‍പ്പിള്‍ ക്യാപ്പും പഞ്ചാബിനാണ്. 13 മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റുകള്‍ പിഴുതെടുത്ത ആന്‍ഡ്രു ടൈയാണ് വിക്കറ്റ് വേട്ടയില്‍ മുന്നില്‍. തൊട്ടുപിന്നിലുള്ള ഹര്‍ദിക്ക് പാണ്ഡ്യയുടെ അകൗണ്ടിലുള്ളത് 18 വിക്കറ്റുകളാണ്.

പ്രാഥമിക റൗണ്ടില്‍ ഇനി ചെന്നൈയ്‌ക്കെതിരെയാണ് പഞ്ചാബിന്റെ അവസാന മത്സരം. ഇതില്‍ മികച്ച മാര്‍ജിനില്‍ ജയിച്ചാലും പഞ്ചാബിന് പ്ലേ ഓഫ് ഉറപ്പിക്കാനാകില്ല. മറ്റുള്ള ടീമുകളുടെ പ്രകടനം അനുസരിച്ചിരിക്കും അവസാന നാലിലെ സാധ്യതകള്‍. നിലവില്‍ ഹൈദരാബാദും ചെന്നൈയും മാത്രമാണ് പ്ലേ ഓഫ് ഉറപ്പിച്ച ടീമുകള്‍. ഡല്‍ഹി പുറത്താവുകയും ചെയ്തു. ബാക്കി എല്ലാ ടീമിനും ഒന്നും രണ്ടും മത്സരം ബാക്കി നില്‍ക്കെ പ്ലേ ഓഫ് സാധ്യത അവശേഷിക്കുന്നുണ്ട്.

Content Highlghts; KL Rahul secures Orange Cap again