ഇന്‍ഡോര്‍: രക്ഷകവേഷമണിഞ്ഞ ലോകേഷ് രാഹുലിന്റെ ബാറ്റിങ് മികവില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന് ഐ.പി.എല്ലില്‍ വിജയം. രാജസ്ഥാന്‍ റോയല്‍സിനെ ആറു വിക്കറ്റിന് തോല്‍പിച്ച പഞ്ചാബ് ഒന്‍പത് കളികളില്‍ നിന്ന് പന്ത്രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ആറാം തോല്‍വി ഏറ്റുവാങ്ങിയ രാജസ്ഥാന്‍ ഒന്‍പത് കളികളില്‍ നിന്ന് ആറ് പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഏറ്റവും പിറകിലാണ്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ജോസ് ബട്ലറിന്റെയും സഞ്ജു സാംസണിന്റെയും ബാറ്റിങ് മികവില്‍ ഇരുപത് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. ജയിക്കാന്‍ 153 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബ് എട്ടു പന്ത് ശേഷിക്കെ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.

ഒരുവേള ക്രിസ് ഗെയ്ലിനെ നിസാര സ്‌കോറിന് നഷ്ടപ്പെട്ട് പരാജയത്തെ മുഖാമുഖം കണ്ട പഞ്ചാബിനെ വിജയതീരത്തെത്തിച്ചത് 54 പന്തില്‍ നിന്ന് 84 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രാഹുലാണ്. മൂന്ന് സിക്സും പതിനൊന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. അര്‍ധസെഞ്ചുറി തികയ്ക്കും മുന്‍പ് സഞ്ജു രാഹുലിനെ ഉജ്വലമായി കൈപ്പിടിയിലൊതുക്കിയെങ്കിലും പന്ത് നേരിയ വ്യത്യാസത്തില്‍ നിലത്തുരഞ്ഞതിനാല്‍ മൂന്നാം അമ്പയര്‍ ഔട്ട് അനുവദിച്ചില്ല. ഈ ക്യാച്ച് കിട്ടിയിരുന്നെങ്കില്‍ കളിയുടെ ഗതി മറ്റൊന്നാകുമായിരുന്നു. നേരത്തെ ഗെയ്ലിനെ ആര്‍ച്ചറിന്റെ പന്തില്‍ ഉജ്വലമായൊരു ക്യാച്ചിലൂടെ മടക്കിയത് സഞ്ജുവായിരുന്നു.

ഗെയ്ല്‍ എട്ട് റണ്‍സിനും മായങ്ക് അഗര്‍വാള്‍ രണ്ട് റണ്‍സിനും പുറത്തായെങ്കിലും കരുണ്‍ നായരും സ്റ്റോയിന്‍സും രാഹുലിന് മികച്ച പിന്തുണ നല്‍കി. കരുണ്‍ 23 പന്തില്‍ നിന്ന് 31 ഉം സ്റ്റോയിന്‍സ് പുറത്താകാതെ 16 പന്തില്‍ നിന്ന് 23 ഉം റണ്‍സെടുത്തു.

രാജസ്ഥാനുവേണ്ടി ഗൗതം, ആര്‍ച്ചര്‍, സ്റ്റോക്സ്, അനുരീത് സിങ് എന്നിവര്‍ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

39 പന്തില്‍ നിന്ന് 51 റണ്‍സെടുത്താണ് ബട്ലര്‍ രാജസ്ഥാന്‍ സ്‌കോര്‍ 150 കടത്തിയത്. എന്നാല്‍, സഞ്ജുവല്ലാതെ മറ്റൊരു ബാറ്റ്സ്മാനും ബട്ലര്‍ക്ക് വേണ്ട പിന്തുണ കൊടുത്തില്ല. സഞ്ജു 23 പന്തില്‍ നിന്ന് 28 റണ്‍സാണ് നേടിയത്. ഷോര്‍ട്ട് രണ്ടും ക്യാപ്റ്റന്‍ രഹാനെ അഞ്ചും സ്റ്റോക്സ് 12 ഉം ത്രിപാഠി 11 ഉം റണ്‍സെടുത്തപ്പോള്‍ ആര്‍ച്ചര്‍ പൂജ്യത്തിനും ഗൗതം അഞ്ച് റണ്‍സിനും പുറത്തായി.

 മൂന്ന് വിക്കറ്റെടുത്ത മുജീബ് റഹ്മാനും രണ്ട് വിക്കറ്റെടുത്ത ടൈയുമാണ് രാജസ്ഥാനെ മെരുക്കിയത്.