മൊഹാലി: അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ചെന്നൈയ്‌ക്കെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് നാല് റണ്‍സ്‌ വിജയം. സ്വന്തം തട്ടകത്തില്‍ ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയ്ക്ക് അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണമായിരുന്നു, എന്നാല്‍ അതുവരെ ടീമിനെ മുന്നില്‍നിന്ന് നയിച്ച ക്യാപ്റ്റന്‍ കൂള്‍ ധോനിക്ക് അവസാന ഓവറില്‍ പിഴച്ചതോടെ ചെന്നൈ ഇന്നിംങ്‌സ് 193 റണ്‍സില്‍ അവസാനിച്ചു. അവസാന ഓവറില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ മോഹിത് ശര്‍മ്മയാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. 

പഞ്ചാബിന്റെ വലിയ സ്‌കോര്‍ പിന്തുടര്‍ന്ന ചെന്നൈയ്ക്ക് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ അബാട്ടി റായ്ഡു-ധോനി സഖ്യം വിജയ പ്രതീക്ഷ നല്‍കിയിരുന്നു. അവസാന ഓവറുകളില്‍ ജഡേജയെ കൂട്ടുപിടിച്ച് അടിച്ചുകളിച്ച് സ്ഥിരം ശൈലിയില്‍ ധോനി കളി ഫിനിഷ് ചെയ്യുമെന്ന് തോന്നിയെങ്കിലും 20-ാം ഓവറില്‍ പഞ്ചാബ് വിജയം പിടിച്ചെടുക്കുകയായിരുന്നു.

44 പന്ത് നേരിട്ട ധോനി 79 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 35 പന്തില്‍ 49 റണ്‍സെടുത്ത റായ്ഡു റണ്ണൗട്ടാവുകയായിരുന്നു. പഞ്ചാബിനായി ആഡ്ര്യു ടൈ രണ്ടും മോഹിത് ശര്‍മ്മയും അശ്വിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് മികച്ച സ്‌കോറിലെത്തിയത്. 33 പന്ത് നേരിട്ട് ഏഴ് ബൗണ്ടറിയും നാല് കൂറ്റന്‍ സിക്സും സഹിതം 63 റണ്‍സാണ് ക്രിസ് ഗെയില്‍ അടിച്ചെടുത്തത്. ഒന്നാം വിക്കറ്റില്‍ ഗെയിലും ലോകേഷ് രാഹുലും ചേര്‍ന്ന് സ്വപ്ന തുല്യമായ തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 7.2 ഓവറില്‍ 96 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 22 പന്തില്‍ നിന്ന് 37 റണ്‍സെടുത്താണ്‌ രാഹുല്‍ പുറത്തായത്. സീസണില്‍ ചെന്നൈയുടെ ആദ്യ തോല്‍വിയാണിത്. പഞ്ചാബിന്റെ രണ്ടാം ജയവും.

Content Highlghts; Kings XI Punjab vs Chennai Super Kings