കൊല്‍ക്കത്ത: ഐപിഎല്‍ ക്വാളിഫയറില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച് ഹൈദരാബാദിനെ ഫൈനലിലെത്തിച്ച അഫ്ഗാന്‍ ബൗളര്‍ റാഷിദ് ഖാനെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. റാഷിദ് ഖാന്‍ ലോകത്തിലെ ഏറ്റവും മികച്ച ടി-20 ബൗളറാണെന്നാണ് സച്ചിന്‍ വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു സച്ചിന്റെ പ്രശംസ.

റാഷിദ് ഖാന്‍ മികച്ച സ്പിന്നറാണെന്ന് എല്ലായ്‌പ്പോഴും തോന്നിയിട്ടുണ്ട്. എന്നാലിപ്പോള്‍ അദ്ദേഹം ടി-20 ഫോര്‍മാറ്റിലെ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നറാണെന്ന് പറയുന്നതില്‍ തനിക്ക് യാതൊരു സംശയവും ഇല്ലെന്ന്‌ സച്ചിന്‍ ട്വീറ്റ് ചെയ്തു. ബൗളിങ്ങിനൊപ്പം ബാറ്റിങ് കഴിവുകളും ഈ പത്തൊമ്പത്കാരനിലുണ്ടെന്നും സച്ചിന്‍ പറഞ്ഞു.

വെള്ളിയാഴ്ച ഈഡന്‍ ഗാര്‍ഡനില്‍ നടന്ന കൊല്‍ക്കത്തയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ പത്ത് പന്തില്‍ നിന്ന് 34 റണ്ണും, മൂന്നു വിക്കറ്റുകളും അഫ്ഗാന്‍ താരം സ്വന്തമാക്കിയിരുന്നു. ഐപിഎല്‍ പതിനൊന്നാം സീസണില്‍ ഇതുവരെ 16 മാച്ചില്‍ നിന്നായി 21 വിക്കറ്റുകള്‍ നേടിയിട്ടുണ്ട് റാഷിദ് ഖാന്‍.