ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മഴ രണ്ടുമണിക്കൂറിലേറെ അപഹരിച്ച കളിയില്‍ രാജസ്ഥാന്‍ റോയല്‍സിന് 10 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്റെ മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മഴ രസം കൊല്ലിയായി എത്തിയതോടെ ഡല്‍ഹിയുടെ വിജയലക്ഷ്യം ആറ് ഓവറില്‍ 71 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ കുറഞ്ഞ പന്തില്‍ ഈ കുറ്റന്‍ ലക്ഷ്യം എത്തിപ്പിടിക്കാന്‍ ഡല്‍ഹിക്ക് സാധിച്ചില്ല. സ്‌കോര്‍; രാജസ്ഥാന്‍ - 17.5 ഓവറില്‍ അഞ്ചു വിക്കറ്റിന് 153. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ആറ് ഓവറില്‍ നാലു വിക്കറ്റിന് 60. 

രാജസ്ഥാന്‍ ബാറ്റുചെയ്തുകൊണ്ടിരിക്കേ പതിനെട്ടാം ഓവറിലാണ് മഴയെത്തിയത്. തുടര്‍ന്ന് രണ്ടുമണിക്കൂറോളം കളി നിര്‍ത്തിവച്ചു. ഇതോടെ ഡല്‍ഹിയുടെ വിജയലക്ഷ്യം പുനര്‍നിശ്ചയിച്ചു. റണ്ണെടുക്കുംമുമ്പേ ഡല്‍ഹിയുടെ ഓപ്പണര്‍ കോളിന്‍ മണ്‍റോ റണ്ണൗട്ടായി. ഗ്ലെന്‍ മാക്‌സ് വെല്ലും (12 പന്തില്‍ 17) ഋഷഭ് പന്തും (14 പന്തില്‍ 20 റണ്‍സ്) ക്രിസ് മോറിസും (ഏഴു പന്തില്‍ 17 റണ്‍സ്) ജയത്തിനായി ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. 

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് അജിന്‍ക്യ രഹാനെ (45 റണ്‍സ്), മലയാളി താരം സഞ്ജു സാംസണ്‍ (37 റണ്‍സ്), ജോഷ് ബട്ട്‌ലര്‍ (29 റണ്‍സ്) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ്  കരുത്തായത്.

Content Highlights: IPL RajasthanRoyals DelhiDareDevils Rahane