മുംബൈ: ഐപിഎല്‍ ലേലത്തിന് ശേഷം വയസന്‍പടയെന്ന് പരിഹസിച്ചിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സിനെ. എന്നാല്‍ പ്രായത്തില്‍ കാര്യമില്ലെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് ഐപിഎല്‍ കിരീടം സ്വന്തമാക്കിയതിലൂടെ മഹേന്ദ്ര സിങ് ധോനിയും സംഘവും.
36-കാരനായ ഷെയന്‍ വാട്സണാണ് സീസണിലെ കരുത്തുറ്റ ബൗളിങ് നിരയെന്ന് അറിയപ്പെട്ടിരുന്ന ഹൈദരാബാദ് ബൗളര്‍മാരെ അടിച്ച് നിലംപരിശാക്കി ചെന്നൈക്ക് ട്രോഫി സമ്മാനിച്ചത്. 57 പന്തില്‍ നിന്ന് 117 റണ്ണാണ് വാട്സണ് അടിച്ചുകൂട്ടിയത്.
പ്രായം എന്നത് വെറും ഒരു നമ്പര്‍ മാത്രമാണ്. ഒരു താരത്തിന്റെ ഫിറ്റ്നസ്സ് എത്രകാലം നില്ക്കുന്നു എന്നതിലാണ് കാര്യമെന്നായിരുന്നും മത്സരത്തിന് ശേഷം ചെന്നൈ ക്യാപ്റ്റന്‍ ധോനിയുടെ പ്രതികരണം. ഞങ്ങള്‍ പ്രായത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കും. എന്നാല്‍ ഫിറ്റ്നസ്സിനാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നത്.
എങ്ങനെയുള്ള താരങ്ങളേയാണ് വേണ്ടതെന്ന് നിങ്ങള്‍ എല്ലാ ക്യാപ്റ്റന്മാരോടും ചോദിക്കുക. അവര്‍ പറയുക ഗ്രൗണ്ടില്‍ നന്നായി കളിക്കാന്‍ കഴിയുന്നവരെ വേണമെന്നായിരിക്കും. അത് 19-20 വയസുള്ളവരായാലും പ്രശ്നമില്ല. അവരുടെ കുറവുകള്‍ ഞങ്ങള്‍ക്ക് നന്നായി അറിയാമെന്നും ധോനി പറഞ്ഞു.