ഹൈദരാബാദ്: ഐ.പി.എല്ലില്‍ വീണ്ടും കുറഞ്ഞ സ്‌കോര്‍ പ്രതിരോധിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ അഞ്ചു റണ്‍സിനാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. 147 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

കണിശതയോടെ പന്തെറിഞ്ഞ ഹൈദരാബാദിന്റെ ബൗളര്‍മാരാണ് ബാംഗ്ലൂരിന് വിജയം നിഷേധിച്ചത്. 30 പന്തില്‍ 39 റണ്‍സടിച്ച ക്യാപ്റ്റന്‍ വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ ടോപ്പ് സ്‌കോറര്‍. അവസാന ഓവറുകളില്‍ ക്രീസിലുണ്ടായിരുന്ന മന്‍ദീപ് സിങ്ങിനും ഗ്രാന്‍ഡ്‌ഹോമിനും ബാംഗ്ലൂരിനെ വിജയതീരത്തെത്തിക്കാന്‍ കഴിഞ്ഞില്ല. വിജയത്തോടെ 10 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി ഹൈദരാബാദ് ഒന്നാമത് തുടരുകയാണ്. 

നേരത്തെ നിശ്ചിത ഓവറില്‍ 146 റണ്‍സാണ് ഹൈദരാബാദ് അടിച്ചത്. മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയും മുഹമ്മദ് സിറാജും ഹൈദരാബാദിനെ ചെറിയ സ്‌കോറിലൊതുക്കുകയായിരുന്നു. 56 റണ്‍സെടുത്ത കെയ്ന്‍ വില്ല്യംസണും 35 റണ്‍സടിച്ച ഷക്കീബുല്‍ ഹസ്സനുമൊഴികെ ഹൈദരാബാദിന്റെ ബാറ്റ്‌സ്മാന്‍മാരെല്ലാം വന്‍ പരാജയമായി. വില്ല്യംസണ്‍ 39 പന്തില്‍ അഞ്ചു ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെയാണ് 56 റണ്‍സടിച്ചത്. 32 പന്തില്‍ നിന്നായിരുന്നു ഷക്കീബുല്‍ ഹസ്സന്റെ 35 റണ്‍സ്. 

48 റണ്‍സെടുക്കുന്നതിനിടയില്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടമായ ഹൈദരാബാദിന് അവസാന ഓവറുകൡ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. നാല് റണ്‍സെടുക്കുന്നതിനിടയിലാണ് അവസാന നാല് വിക്കറ്റുകള്‍ കളഞ്ഞത്. ഏഴ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. 

സ്വന്തം നാട്ടില്‍ കളിക്കാനിറങ്ങിയ സിറാജ് മികച്ച ബൗളിങ്ങാണ് പുറത്തെടുത്തത്. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ടീം സൗത്തി നാല് 30 ഓവറില്‍ 30 റണ്‍സ് വഴങ്ങിയാണ് മൂന്നു പേരെ പുറത്താക്കിയത്. ഉമേഷ് യാദവും യുസ്‌വേന്ദ്ര ചാഹലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

Content Highlights: IPL 2018 Sun Risers Hyderabad vs Royal Challengers Banglore