ബെംഗളൂരു:  ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ തോല്‍പ്പിച്ച് ബെംഗളൂരു വിജയവഴിയില്‍ തിരിച്ചെത്തി. 12 പന്ത് ബാക്കിനില്‍ക്കെ ആറു വിക്കറ്റിനാണ് ബെംഗളൂരുവിന്റെ വിജയം. 39 പന്തില്‍ പുറത്താകാതെ 90 റണ്‍സ് നേടിയ എബി ഡിവില്ലിയേഴ്‌സ് ബെംഗളൂരുവിന്റെ രക്ഷകനായി. പത്ത് ഫോറും അഞ്ചു സിക്‌സും ഡിവില്ലിയേഴ്‌സിന്റെ ബാറ്റില്‍ നിന്ന് പിറന്നു. വിരാട് കോലി 30 റണ്‍സെടുത്ത് പുറത്തായി. 

വോഹ്‌റ പുറത്തായതിന് പിന്നാലെ ഡികോക്ക് റണ്‍ഔട്ടില്‍ ക്രീസ് വിട്ടത് ബെംഗളൂരുവിനെ പ്രതിസന്ധിയിലാക്കിയിരുന്നു. 29 റണ്‍സിനിടെയാണ് ഓപ്പണര്‍മാര്‍ പുറത്തായത്. എന്നാല്‍ പിന്നീട് അധികം പരിക്കേല്‍ക്കാതെ ബെംഗളൂരു വിജയതീരത്തെത്തുകയായിരുന്നു. 

നേരത്ത ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണെടുത്തത്. 23 റണ്‍സെടുക്കുന്നതിനിടയില്‍ ജേസണ്‍ റോയിയേയും ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനേയും നഷ്ടപ്പെട്ട ഡല്‍ഹിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശ്രേയസ് അയ്യരും ഋഷഭ് പന്തുമാണ്. ശ്രേയസ് 31 പന്തില്‍ 52 റണ്‍സടിച്ചു. അതേസമയം ആറു ഫോറിന്റേയും ഏഴ് സിക്‌സിന്റേയും അകമ്പടിയോടെ ഋഷഭ് 48 പന്തില്‍ 85 റണ്‍സ് നേടി.

Content Highlights: IPL 2018 Royal Challengers Banglore vs Delhi Daredevils