ബെംഗളൂരു: ക്രിസ് ലിന്നിന്റെ ബാറ്റിങ് മികവില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയം. 176 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത നാല് വിക്കറ്റ് നഷ്ടത്തില്‍ അഞ്ചു പന്ത് ബാക്കി നില്‍ക്കെ വിജയം കണ്ടു. 

62 റണ്‍സുമായി ലിന്‍ പുറത്താകാതെ നിന്നു. 52 പന്തില്‍ ഏഴു ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയായിരുന്നു ലിന്നിന്റെ ഇന്നിങ്‌സ്. റോബിന്‍ ഉത്തപ്പ 21 പന്തില്‍ 36 റണ്‍സടിച്ചപ്പോള്‍ ദിനേഷ് കാര്‍ത്തിക് 10 പന്തില്‍ 23 റണ്‍സ് നേടി.

ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണെടുത്തത്. 44 പന്തില്‍ 68 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയാണ് ബെംഗളൂരുവിനെ മുന്നില്‍ നിന്ന് നയിച്ചത്. ആദ്യ വിക്കറ്റില്‍ 67 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ഡികോക്കും മക്കല്ലവും ബെംഗളൂരുവിന് മികച്ച തുടക്കം നല്‍കി. ഡികോക്ക് 29 റണ്‍സടിച്ചപ്പോള്‍ മക്കല്ലം 38 റണ്‍സ് നേടി. മൂന്നു ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് കൊല്‍ക്കത്തയ്ക്കായി ആന്ദ്രെ റസ്സല്‍ മൂന്നു വിക്കറ്റെടുത്തു. 

Content Highlights: IPL 2018  Royal Challengers Bangalore vs Kolkata Knight Riders