ബെംഗളൂരു: എബി ഡിവില്യേഴ്‌സിന്റെ ബാറ്റിങ് മികവില്‍ ഐപിഎല്‍ പതിനൊന്നാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ആദ്യ വിജയം. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ നാലു വിക്കറ്റിനാണ് ബെംഗളൂരു തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ ബെംഗളൂരു മറികടന്നു. സ്‌കോര്‍;  പഞ്ചാബ് - 19.2 ഓവറില്‍ 155/10, ബെംഗളൂരു - 19.2 ഓവറില്‍ 159/6. 

പഞ്ചാബിന്റെ ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ബെംഗളൂരു മധ്യ ഓവറുകളില്‍ റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയതോടെ ഒരറ്റത്ത് നിലയുറപ്പിച്ച ഡിവില്യേഴ്‌സ് 40 പന്തുകള്‍ നേരിട്ട് 57 റണ്‍സ് നേടി ടീമിനെ സുരക്ഷിത സ്ഥാനത്തെത്തിച്ചാണ് മടങ്ങിയത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അകൗണ്ട് തുറക്കും മുമ്പ് മക്കല്ലം പുറത്തായെങ്കിലും 34 പന്തുകള്‍ നേരിട്ട് 45 റണ്‍സുമായി ഡികോക്ക് വലിയ തകര്‍ച്ചയില്ലാതെ ടീമിനെ കാത്തു. ജയിക്കാന്‍ 5 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ വാഷിങ്ടണ്‍ സുന്ദറിന്റെ ബാറ്റില്‍നിന്നാണ് ബെംഗളൂരു വിജയ റണ്‍ കുറിച്ചത്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിങ്സ് ഇലവന്‍ പഞ്ചാബ് 19.2 ഓവറില്‍ 155 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവിന്റെയും രണ്ട് വിക്കറ്റ് വീതം നേടിയ ക്രിസ് വോക്സ്, കുല്‍വന്ത് കെജ്റോളിയ, വാഷിങ് ടണ്‍ സുന്ദര്‍ എന്നിവരുടെ മികച്ച ബൗളിങ്ങാണ് പഞ്ചാബിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 30 പന്ത് നേരിട്ട് 47 റണ്‍സ് നേടിയ ലോകേഷ് രാഹുലാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. പഞ്ചാബിനായി അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

Content Highlights; IPL 2018 Royal Challengers Bangalore vs Kings XI Punjab