ജയ്പുര്‍: കെയ്ന്‍ വില്ല്യംസണ്‍ന്റെ സൂപ്പര്‍ ക്യാപ്റ്റന്‍സിയില്‍ സണ്‍റൈസേഴ്‌സ് െൈഹദരാബാദിന് വീണ്ടും വിജയം. 152 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാനെ 11 റണ്‍സിന് ഹൈദരാബാദ് തോല്‍പ്പിക്കുകയായിരുന്നു. മലയാളി താരം ബേസില്‍ തമ്പി എറിഞ്ഞ അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ 21 റണ്‍സ് വേണമായിരുന്നു. ക്രീസില്‍ രഹാനയും ഗൗതമുമാണുണ്ടായിരുന്നത്. ഗൗതം ആദ്യ പന്തില്‍ ഫോര്‍ അടിച്ച് രാജസ്ഥാന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ബേസിലിന്റെ ബൗളിങ്ങും ഫീല്‍ഡിങ് മികവും ഹൈദരാബാദിന് ആറാം വിജയം സമ്മാനിച്ചു. 

രാജസ്ഥാനായി രഹാനെ 53 പന്തില്‍ 65 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സഞ്ജു വി സാംസണ്‍ 40 റണ്‍സെടുത്ത് തിളങ്ങി. 30 പന്തില്‍ നിന്നായിരുന്നു സഞ്ജുവിന്റെ 40 റണ്‍സ്. രണ്ടു ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി ബേസില്‍ തമ്പി ഒരു വിക്കറ്റെടുത്തപ്പോള്‍ സിദ്ധാര്‍ത്ഥ് കൗള്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. 

നേരത്തെ  45 റണ്‍സടിച്ച ഓപ്പണര്‍ ഹെയ്ല്‍സിന്റെയും 63 റണ്‍സ് നേടിയ കെയ്ന്‍ വില്ല്യംസണിന്റെയും മികവിലാണ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സടിച്ചത്. 17 റണ്‍സിനിടയില്‍ ശിഖര്‍ ധവാനെ നഷ്ടപ്പെട്ട ഹൈദരാബാദിനായി പിന്നീട് ഹെയ്ല്‍സും വില്ല്യംസണും ഒത്തുചേരുകയായിരുന്നു. ഹെയ്ല്‍സ് 39 പന്തില്‍ നാല് ഫോറിന്റെ അകമ്പടിയോടെ 45 റണ്‍സാണ് അടിച്ചത്. 43 പന്തില്‍ ഏഴു ഫോറും രണ്ടു സിക്സുമടക്കമായിരുന്നു വില്ല്യംസണ്‍ന്റെ 63 റണ്‍സ്. 

ipl 2018
Photo Courtesy: BCCI

മനീഷ് പാണ്ഡെ 16 റണ്‍സടിച്ചപ്പോള്‍ ആറു റണ്‍സായിരുന്നു ഷക്കീബുല്‍ ഹസ്സന്റെ സമ്പാദ്യം. യൂസുഫ് പഠാന്‍ രണ്ടു റണ്‍സെടുത്ത് പുറത്തായി. രാജസ്ഥാനായി ആര്‍ച്ചെര്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗൗതം രണ്ടു പേരെ പുറത്താക്കി. 

Content Highlights: IPL 2018 Rajasthan Royals vs Sun Risers Hyderabad