മുംബൈ: 50 ദിവസം നീണ്ടു നിന്ന ലോകത്തിലെ ഏറ്റവും പണക്കൊഴുപ്പുള്ള ടി-20 ലീഗിന് മുംബൈയില്‍ പരിമസമാപ്തിയായപ്പോള്‍ താരങ്ങളുടെ പോക്കറ്റിലേക്കെത്തിയത് ലക്ഷങ്ങള്‍.

ഐപിഎലിന്റെ പതിനൊന്നാം പതിപ്പായ ഇത്തവണ എട്ടു ടീമുകള്‍ 80 കോടി രൂപം വീതം ചിലവഴിച്ചാണ് താരങ്ങളെ ടീമിലെടുത്തത്. ഐപിഎലിലെ മൂന്നാം കിരീടം ചൂടിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 20 കോടി രൂപയുടെ ചെക്കാണ് ലഭിച്ചത്. റണ്ണേഴ്‌സപ്പായ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് 12.5 കോടിയും ലഭിച്ചു.

ഏറ്റവും മൂല്യമുള്ള താരമായി കണ്ടെത്തിയിരിക്കുന്നത് കൊല്‍ക്കത്ത താരം സുനില്‍ നരെയ്‌നെയാണ്. പത്തു ലക്ഷം രൂപയും ട്രോഫിയുമാണ് ലഭിച്ചത്. താരങ്ങള്‍ നേടിയ ഫോറുകള്‍, സിക്‌സുകള്‍, ക്യാച്ചുകള്‍, വിക്കറ്റുകള്‍, ഡോട്ട് ബൗളുകള്‍, സ്റ്റംമ്പിങ് തുടങ്ങിയവയുടെ പോയിന്റുകള്‍ കണക്കാക്കിയാണ് ഈ അവാര്‍ഡ് ലഭിക്കുക. 

കൂടാതെ സീസണിലെ സൂപ്പര്‍ സ്‌ട്രൈക്കര്‍ അവാര്‍ഡും നരെയ്‌ന് ലഭിച്ചു. ടൂര്‍ണ്ണമെന്റില്‍ നേടുന്ന ഏറ്റവം ഉയര്‍ന്ന ബാറ്റിങ് സ്‌ട്രൈക്ക് റേറ്റുള്ള താരത്തിനാണ് ഈ അവാര്‍ഡ്. ടാറ്റ നെക്‌സോണ്‍ കാറും ട്രോഫിയും ഈ അവാര്‍ഡിലൂടെ നരെയ്‌ന് സ്വന്തമാക്കി.

ഡല്‍ഹി താരം റിഷഭ് പന്തിനെ ടൂര്‍ണ്ണമെന്റിലെ എമേര്‍ജിങ് പ്ലയറായും സ്റ്റൈലിഷ് പ്ലയര്‍ ഓഫ് ദി സീസണായും കണ്ടെത്തി. അന്താരാഷ്ട്ര ക്രിക്കറ്റിന് ഭാവി വാഗ്ദ്ധാനം എന്ന നിലക്ക് ബിസിസിഐ ആണ് എമേര്‍ജിങ് അവാര്‍ഡ് നല്‍കുന്നത്. രണ്ടു അവാര്‍ഡുകളില്‍ നിന്നായി ഇരുപത് ലക്ഷം രൂപയും ട്രോഫിയും പന്തിന് ലഭിച്ചു.

പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈ ഇന്ത്യന്‍സിനാണ് ഫെയര്‍ പ്ലേ അവാര്‍ഡ്. മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് ഓരോ മത്സരത്തിലേയും അമ്പയര്‍മാരാണ് ടീമുകള്‍ക്ക് ഈ അവാര്‍ഡിനുള്ള പോയിന്റുകള്‍ നല്‍കുക. ഗ്രൗണ്ടിലെ ഊര്‍ജ്ജവും മാന്യതയുമൊക്കെയാണ് ഈ അവാര്‍ഡിന്റെ പ്രധാന മാനദണ്ഡം.

ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച ക്യാച്ചിനുള്ള അവാര്‍ഡ് നേടിയത് ഡല്‍ഹിയുടെ ട്രെന്റ് ബോള്‍ട്ടാണ്. ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ വിരാട്‌കോലിയുടെ ക്യാച്ചെടുത്തതാണ് ബോള്‍ട്ടിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. പത്തു ലക്ഷം രൂപയും ട്രോഫിയും ഒരു വിവോ ഫോണുമാണ് ലഭിച്ചത്.

'ഇന്നവേറ്റീവ് തിങ്കിംഗ്' അവാര്‍ഡ് ലഭിച്ചത്  ചെന്നൈ ക്യാപ്റ്റന്‍ എംഎസ്.ധോണിക്കാണ്. ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത് പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയ പഞ്ചാബിന്റെ ആര്‍ഡ്ര്യൂ ടൈക്ക് പത്തു ലക്ഷം രൂപയും ട്രോഫിയും ലഭിച്ചു. ഏറ്റവും കൂടുതല്‍ റണ്ണെടുത്ത് ഓറഞ്ച് തൊപ്പി നേടിയ ഹൈദരാബാദിന്റെ കെയ്ന്‍ വില്യസണും ലഭിച്ചു പത്തു ലക്ഷവും ട്രോഫിയും.

മുംബൈ വാഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഹൈദരാബാദിനെ എട്ടു വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്.