മുംബൈ: ഐപിഎല്ലിലെ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യം ജയം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 46 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈയുടെ ആദ്യം ജയം. 

മുംബൈയ്‌ക്കെതിരേ 214 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് പക്ഷെ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. തുടര്‍ച്ചയായി മൂന്ന് പരാജയങ്ങള്‍ക്ക് പിന്നാലെയാണ് മുംബൈയുടെ വിജയം.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സടിച്ചു. രോഹിത് ശര്‍മ്മ 52 പന്തില്‍ പത്ത് ഫോറിന്റെയും അഞ്ചു സിക്‌സിന്റെയും അകമ്പടിയോടെ 94 റണ്‍സ് നേടി. 64 റണ്‍സുമായി എവിന്‍ ലൂയിസ് രോഹിതിന് പിന്തുണ നല്‍കി.

തുടക്കത്തില്‍ ഒരു റണ്‍ഔട്ടില്‍ നിന്ന് രക്ഷപ്പെട്ട ശേഷം ലൂയിസ് മുംബൈ ആരാധകരെ ആവേശത്തിലാഴ്ത്തുകയായിരുന്നു. 42 പന്തില്‍ ആറു ഫോറും അഞ്ചു സിക്സുമടക്കം 65 റണ്‍സാണ് ലൂയിസ് അടിച്ചെടുത്തത്. 

എന്നാല്‍, ചുവട് പിഴച്ചായിരുന്നു ബാംഗ്ലൂരിന്റെ ബാറ്റിങ് തുടക്കം. 62 പന്തില്‍ 92 റണ്‍സ് നേടീയ ക്യാപ്റ്റന്‍ വീരാട് കോലി മാത്രമാണ് ബാംഗ്ലൂരിന് വേണ്ട് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

നേരത്തെ ആദ്യ ഓവറിലെ ആദ്യ രണ്ട് പന്തില്‍ തന്നെ മുംബൈക്ക് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഉമേഷ് യാദവിനാണ് രണ്ട് വിക്കറ്റും. ആദ്യം ഓപ്പണറായ സൂര്യകുമാര്‍ യാദവ് ക്ലീന്‍ ബൗള്‍ഡായി. തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഇഷാന്‍ കിഷനും അക്കൗണ്ട് തുറക്കും മുമ്പ് ഗ്രൗണ്ട് വിട്ടു. ക്രുണാല്‍ പാണ്ഡ്യ 15 റണ്‍സും പൊള്ളാര്‍ഡ് അഞ്ചു റണ്‍സുമെടുത്ത് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 17 റണ്‍സുമായി പുറത്താകാതെ നിന്നു. ബെംഗളൂരുവിനായി ഉമേഷ് യാദവും കോറി ആന്‍ഡേഴ്‌സണും രണ്ടു വിക്കറ്റ് വീഴ്ത്തി. 

Content Highlights: IPL 2018 Mumbai Indians vs RCB