മുംബൈ: 12 പന്ത് ബാക്കി നില്‍ക്കെ മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ച് രാജസ്ഥാന് റോയല്‍സ്. 169 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. 53 പന്തില്‍ പുറത്താകാതെ 94 റണ്‍സടിച്ച ജോസ് ബട്ലറാണ് രാജസ്ഥാന് വിജയശില്‍പ്പി.
ഒമ്പത് റണ്‍സിനിടെ ഓപ്പണര്‍ ഷോര്‍ട്ടിനെ രാജസ്ഥാന് നഷ്ടപ്പെട്ടു. എന്നാല്‍ പിന്നീട് രണ്ടാം വിക്കറ്റില്‍ ജോസ് ബട്ലറും രഹാനെയും ഒത്തുചേരുകയായിരുന്നു. ഇരുവരും 95 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രഹാനെ 37 റണ്‍സെടുത്ത് പുറത്തായപ്പോള്‍ പിന്നാലെ ക്രീസിലെത്തിയ സഞ്ജു വി സാംസണും ബട്ലര്ക്ക് പിന്തുണ നല്കി. ഇരുവരും മൂന്നാം വിക്കറ്റില്‍ 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതില്‍ 14 പന്തില്‍ 26 റണ്‍സാണ് സഞ്ജുവിന്റെ സംഭാവന.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനറങ്ങിയ മുംബൈയെ തകര്‍ച്ചയില്‍ നിന്ന് കര കയറ്റിയത് എവിന്‍ ലൂയിസിന്റെ ഇന്നിങ്സാണ്. 42 പന്തില്‍ 60 റണ്‍സാണ് ലൂയിസ് നേടിയത്. സൂര്യകുമാര്‍ യാദവ് (31 പന്തില്‍ 38), ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ (21 പന്തില്‍ 36) എന്നിവരുടെ ഇന്നിങ്സും മുംബൈയുടെ ബാറ്റിങ്ങില്‍ നിര്‍ണായകമായി. അതേസമയം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.
രാജസ്ഥാനുവേണ്ടി പേസ് ബൗളര്‍മാരായ ജോഫ്ര ആര്‍ച്ചറും ബെന്‍ സ്റ്റോക്സും രണ്ടുവിക്കറ്റ് വീതമെടുത്തു. ധവാല്‍ കുല്‍ക്കര്‍ണിയും ജയ്ദേവ് ഉനദ്കട്ടും ഓരോ വിക്കറ്റിനുടമകളായി. സഞ്ജു സാംസണിന്റെ മൂന്ന് മികച്ച ക്യാച്ചുകള്‍ മുംബൈയെ പ്രതിരോധത്തിലാഴ്ത്തുന്നതില്‍ നിര്‍ണായകമായി.
Content Highlights: IPL 2018 Mumbai Indians vs Rajasthan Royals Jos Butler