മുംബൈ: ഇംഗ്ലണ്ട്‌ താരം ജേസണ്‍ റോയിയുടെ മികവില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് അനായാസ വിജയം. അവസാന പന്തില്‍ വിജയറണ്‍ കണ്ടെത്തിയ ഡല്‍ഹി ഏഴു വിക്കറ്റിനാണ് മുംബൈയെ തോല്‍പ്പിച്ചത്. 53 പന്തില്‍ 91 റണ്‍സുമായി ജേസണ്‍ പുറത്താകാതെ നിന്നു. 25 പന്തില്‍ 47 റണ്‍സുമായി ഋഷഭ് പന്ത് ഇംഗ്ലീഷ് താരത്തിന് പിന്തുണ നല്‍കി. 

നേരത്തെ  ഓപ്പണര്‍മാരായ സൂര്യകുമാര്‍ യാദവിന്റെയും എവിന്‍ ലൂയിസിന്റെയും മികവില്‍ മുംബൈ 194 റണ്‍സാണ് അടിച്ചെടുത്തത്. ഇരുവരും ആദ്യ വിക്കറ്റില്‍ 102 റണ്‍സ് കൂട്ടിച്ചേര്‍ത്തു. യാദവ് 32 പന്തില്‍ 53 റണ്‍സടിച്ചപ്പോള്‍ ലൂയിസ് 28 പന്തില്‍ 48 റണ്‍സ് നേടി. പിന്നീട് ക്രീസിലെത്തിയ ഇഷാന്‍ കിഷനും മുംബൈയുടെ ഇന്നിങ്സില്‍ നിര്‍ണായകമായി. 23 പന്തില്‍ 44 റണ്‍സാണ് ഇഷാന്റെ സംഭാവന.

എന്നാല്‍ പിന്നീട് വന്ന ബാറ്റ്സ്മാന്‍മാര്‍ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല. രോഹിത് ശര്‍മ്മ 18 റണ്‍സിനും കീറോണ്‍ പൊള്ളാര്‍ഡ് അക്കൗണ്ട് തുറക്കും മുമ്പും പുറത്തായി. ക്രുണാല്‍ പാണ്ഡ്യ 11 റണ്‍സും ഹാര്‍ദിക് രണ്ടു റണ്‍സുമാണ് അടിച്ചെടുത്തത്. 15 ഓവറായപ്പോഴേക്കും 166 റണ്‍സുണ്ടായിരുന്ന മുംബൈയെ അവസാന അഞ്ച് ഓവറുകളില്‍ ഡല്‍ഹി ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. ബൗള്‍ട്ട്, ക്രിസ്റ്റ്യന്‍, ടെവാതിയ എന്നിവര്‍ ചേര്‍ന്ന് ഡല്‍ഹിക്കായി രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.

Content Highlights: IPL 2018 Mumbai Indians vs Delhi Dare Devils