കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തുടര്‍ച്ചയായ മൂന്നാം വിജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറു പന്ത് ബാക്കി നില്‍ക്കെ അഞ്ചു വിക്കറ്റിനാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. 

139 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിനെ ഒരു ഘട്ടത്തില്‍ പോലും പരീക്ഷിക്കാന്‍ കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞില്ല. 44 പന്തില്‍ 50 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാണ് ഹൈദരാബാദിന്റെ വിജയശില്‍പ്പി. വൃദ്ധിമാന്‍ സാഹ 24ഉം ഷക്കീബുല്‍ ഹസന്‍ 27ഉം റണ്‍സ് നേടി. 

നേരത്തെ നിശ്ചിത ഓവറില്‍ കൊല്‍ക്കത്തയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് കൊല്‍ക്കത്തയെടുത്തത്.  34 പന്തില്‍ 49 റണ്‍സെടുത്ത ക്രിസ് ലിന്നിനൊഴികെ മറ്റാര്‍ക്കും കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയില്‍ തിളങ്ങാനായില്ല. ഏഴു ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെയായിരുന്നു ലിന്നിന്നെ ഇന്നിങ്സ്. അഞ്ചു ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. 

നിധീഷ് റാണ 18 റണ്‍സെടുത്തപ്പോള്‍ 29 റണ്‍സായിരുന്നു ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിന്റെ സമ്പാദ്യം. ഭുവനേശ്വര്‍ കുമാര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. സ്റ്റാന്‍ലെയ്ക്കും ഷക്കീബ് അല്‍ ഹസ്സനും രണ്ടു വീതം വിക്കറ്റെടുത്തപ്പോള്‍ സിദ്ധാര്‍ത്ഥ് കൗളിന്റെ സംഭാവനയായിരുന്നു ഒരു വിക്കറ്റ്.

Content Highlights: IPL 2018 Kolkata Knight Riders vs Sun Risers Hyderabad