ഇന്‍ഡോര്‍: പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ ജയം അനിവാര്യമായ മത്സരത്തില്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്തയ്ക്ക് 31 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത മുന്നോട്ടുവച്ച 246 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ഇന്നിംങ്‌സ് 214 റണ്‍സില്‍ അവസാനിച്ചു. ഐപിഎല്‍ പതിനൊന്നാം സീസണിലെ ഏറ്റവും വലിയ സ്‌കോര്‍ പിന്തുടര്‍ന്ന പഞ്ചാബിനായി കെഎല്‍ രാഹുലും ക്യാപ്റ്റന്‍ അശ്വിനും പൊരുതി നോക്കിയെങ്കിലും കൊല്‍ക്കത്തയുടെ റണ്‍മല താണ്ടാന്‍ അവര്‍ക്കായില്ല. സ്‌കോര്‍; കൊല്‍ക്കത്ത- 20 ഓവറില്‍ 245/6, പഞ്ചാബ്- 20 ഓവറില്‍ 214/8. 

കൊല്‍ക്കത്ത ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തേക്ക് ബാറ്റേന്തിയ പഞ്ചാബിന് കെഎല്‍ രാഹുലും ക്രിസ് ഗെയിലും മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ സ്‌കോര്‍ 57 റണ്‍സില്‍ നില്‍ക്കെ യൂണിവേഴ്‌സല്‍ ബോസ്‌, റസലിന് മുന്നില്‍ വീണതോടെ പഞ്ചാബിന്റെ താളം നഷ്ടമായി. പിന്നാലെയെത്തിയ അഗര്‍വാള്‍ വന്നവഴിയേ കൂടാരം കയറി. 29 പന്തില്‍ 66 റണ്‍സ് നേടി രാഹുല്‍ മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 93 റണ്‍സ്. 20 പന്തില്‍ 34 റണ്‍സോടെ ആരോണ്‍ ഫിഞ്ചും 22 പന്തില്‍ 45 റണ്‍സോടെ അശ്വിനും ചെറുത്തുനില്‍ത്ത് നടത്തിയെങ്കിലും അനിവാര്യമായ വിജയം കൊല്‍ക്കത്ത പിടിച്ചെടുത്തു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്കായി ബാറ്റിങ്ങിനിറങ്ങിയ എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു. 36 പന്തില്‍ 75 റണ്‍സെടുത്ത സുനില്‍ നരേയ്‌നും 23 പന്തില്‍ 50 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തികുമാണ് കൊല്‍ക്കത്തയുടെ റണ്‍റേറ്റ് കുത്തനെ ഉയര്‍ത്തി കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. കൊല്‍ക്കത്തയ്ക്കായി റസല്‍ മൂന്നും കൃഷ്ണ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. പഞ്ചാബിനായി ആന്‍ഡ്രു ടൈ നാലു ഓവറില്‍ 41 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു. വിജയത്തോടെ 12 മത്സരത്തില്‍ നിന്ന് 12 പോയന്റോടെ കൊല്‍ക്കത്ത നാലാം സ്ഥാനത്തേക്ക് മുന്നേറി. തോറ്റെങ്കിലും 11 മത്സരത്തില്‍ നിന്ന് 12 പോയന്റുള്ള പഞ്ചാബ് മൂന്നാം സ്ഥാനത്ത് തുടരും.

Content Highlights; IPL 2018, Kings XI Punjab vs Kolkata Knight Riders