ഛണ്ഡിഗഡ്: ക്രിസ് ഗെയ്ലിന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കിങ്സ് ഇലവന്‍ പഞ്ചാബിന് വിജയം. 15 റണ്‍സിനാണ് പഞ്ചാബ് കെയ്ന്‍ വില്ല്യംസണിന്റെ ടീമിനെ തോല്‍പ്പിച്ചത്. പഞ്ചാബ് മുന്നോട്ടുവെച്ച 194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് നിശ്ചിത ഓവറില്‍ നാല്  വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.

42 പന്തില്‍ 57 റണ്‍സുമായി ഹൈദരാബാദിന്റെ ടോപ്പ് സ്‌കോറായ മനീഷ് പാണ്ഡെയും 12 പന്തില്‍ 24 റണ്‍സെടുത്ത ഷക്കീബുല്‍ ഹസ്സനും അവസാനം വരെ പൊരുതി നോക്കിയെങ്കിലും വിജയിക്കാനായില്ല. 41 പന്തില്‍ 54 റണ്‍സുമായി കെയ്ന്‍ വില്ല്യംസണും ബാറ്റിങ്ങില്‍ തിളങ്ങി. 

നേരത്തെ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് ന്ഷ്ടത്തില്‍ 193 റണ്‍സടിച്ചു. 63 പന്തില്‍ പുറത്താകാതെ 104 റണ്‍സാണ് ഗെയ്‌ലിന്റെ ഇന്നിങ്‌സാണ് പഞ്ചാബിന്റെ നട്ടെല്ലായത്. ഒരു ഫോറും 11 സിക്സും ഗെയ്ലിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

അര്‍ധസെഞ്ചുറി വരെ ശാന്തനായി ബാറ്റു വീശിയ ഗെയ്ല്‍ പിന്നീട് ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു. 14-ാം ഓവറില്‍ റാഷിദ് ഖാനെതിരെ തുടര്‍ച്ചയായി നാല് സിക്സ് നേടിയ ഗെയ്ല്‍ 58 പന്തിലാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഐ.പി.എല്‍ പതിനൊന്നാം സീസണിലെ ആദ്യ സെഞ്ചുറിയാണ് വിന്‍ഡീസ് താരം സ്വന്തം പേരില്‍ കുറിച്ചത്. ഐ.പി.എല്‍ എല്ലാ സീസണിലും കൂടി ആറാം സെഞ്ചുറിയും.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് തുടക്കത്തില്‍ തന്നെ മികച്ച ഫോമിലായിരുന്നു. 21 പന്തില്‍ 18 റണ്‍സെടുത്ത കെ.എല്‍ രാഹുല്‍ പുറത്താകുമ്പോള്‍ തന്നെ പഞ്ചാബിന്റെ സ്‌കോര്‍ ബോര്‍ഡില്‍ 53 റണ്‍സെത്തിയിരുന്നു. പിന്നീട് മായങ്ക് അഗര്‍വാള്‍ ഒമ്പത് പന്തില്‍ 18 റണ്‍സടിച്ചു. 21 പന്തില്‍ 31 റണ്‍സായിരുന്നു കരുണ്‍ നായരുടെ സമ്പാദ്യം. ഇന്നിങ്സ് അവസാനിക്കുമ്പോള്‍ ഗെയ്ലിനൊപ്പം ആരോണ്‍ ഫിഞ്ചായിരുന്നു ക്രീസിലുണ്ടായിരുന്നത്. ഫിഞ്ച് ആറു പന്തില്‍ 14 റണ്‍സ് നേടി.

Content Highlights: IPL 2018 Kings Eleven Punjab vs Sun Risers Hyderbad Chris Gayle Century