ഇന്‍ഡോര്‍: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ തകര്‍പ്പന്‍ വിജയവുമായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. 89 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂര്‍ 8.1 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ വിജയ തീരത്തെത്തി. വിരാട് കോലിയും പാര്‍ത്ഥിവും പട്ടേലും ചേര്‍ന്ന് ബാംഗ്ലൂരിന് ആധികാരിക വിജയം സമ്മാനിക്കുകയായിരുന്നു.

28 പന്തില്‍ ആറു ഫോറിന്റേയും രണ്ട് സിക്‌സിന്റേയും അകമ്പടിയോടെ കോലി 48 റണ്‍സെടുത്തു. 22 പന്തില്‍ നിന്ന് 40 റണ്‍സായിരുന്നു പാര്‍ത്ഥിവിന്റെ സംഭാവന. ചെറിയ സ്‌കോര്‍ വേഗത്തില്‍ നേടി പെട്ടെന്ന് തന്നെ കളിയവസാനിപ്പിക്കുകയായിരുന്നു ഇരുവരും.  

ആകെ 15.1 ഓവര്‍ മാത്രം ക്രീസില്‍ നിന്ന പഞ്ചാബ് 88 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഉമേഷ് യാദവാണ് പഞ്ചാബിനെ ചെറിയ സ്‌കോറിലൊതുക്കിയത്.

umesh yadav
Photo Courtesy: BCCI

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് 36 റണ്‍സിനിടയില്‍ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. 21 റണ്‍സെടുത്ത കെ.എല്‍ രാഹുലാണ് പുറത്തായത്. പിന്നീട് ഒരു തിരിച്ചുവരവിന് അശ്വിനും സംഘത്തിനും കഴിഞ്ഞില്ല. ആരോണ്‍ ഫിഞ്ച് 26 റണ്‍സെടുത്ത് ചെറുത്ത് നില്‍ക്കാന്‍ നോക്കിയെങ്കിലും അത് മോയിന്‍ അലിക്ക് മുന്നില്‍ അവസാനിച്ചു. 

14 പന്തില്‍ 18 റണ്‍സെടുത്ത ക്രിസ് ഗെയ്ലിനെ ഉമേഷ് യാദവും മടക്കി. പഞ്ചാബിന്റെ എട്ടു ബാറ്റ്സ്മാന്‍മാരാണ് രണ്ടക്കം കാണാതെ പുറത്തായത്. മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, ഗ്രാന്‍ഡ്ഹോം, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. പഞ്ചാബിന്റെ മൂന്ന് ബാറ്റ്സ്മാന്‍മാര്‍ റണ്‍ഔട്ടായി

Content Highlights: IPL 2018 Kings Eleven Punjab vs Royal Challengers Bangalore