ഡല്‍ഹി: ഐ.പി.എല്‍. പതിനൊന്നാം സീസണില്‍ നിര്‍ണായകമായ മത്സരത്തില്‍ ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ച് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി മുന്നോട്ടുവച്ച 182 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ബാംഗ്ലൂര്‍ മറികടന്നത്. അര്‍ധസെഞ്ച്വറി നേടി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ വിരാട് കോലിയും ഡിവില്ല്യേഴ്‌സുമാണ് ബാംഗ്ലൂരിന് അനായാസ ജയം സമ്മാനിച്ചത്. സ്‌കോര്‍; ഡല്‍ഹി- 20 ഓവറില്‍ 181/4, ബാംഗ്ലൂര്‍- 19 ഓവറില്‍ 187/5. 

ഡല്‍ഹി ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബാംഗ്ലൂരിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 18 റണ്‍സെടുക്കുന്നതിനിടയില്‍ രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെട്ട ബാംഗ്ലൂരിനെ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോലി-ഡിവില്ല്യേഴ്‌സ് സഖ്യമാണ് രക്ഷപ്പെടുത്തിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 118 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 40 പന്ത് നേരിട്ട കോലി 70 റണ്‍സ് നേടിയാണ് പുറത്തായത്. 37 പന്ത് നേരിട്ട ഡിവില്ല്യേഴ്‌സ് 72 റണ്‍സോടെ പുറത്താകാതെ നിന്നു. ബാംഗ്ലൂരുവിനായി ചഹാല്‍ രണ്ടും അലി, സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അര്‍ധസെഞ്ച്വറി നേടിയ ഋഷഭ് പന്തിന്റെയും (34 പന്തില്‍ 61 റണ്‍സ്) അവസാന ഓവറുകളില്‍ ആഞ്ഞടിച്ച അഭിഷേക് ശര്‍മ്മയുടെയും (19 പന്തില്‍ 46 റണ്‍സ്) മികവിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ നേരത്തെ പുറത്തായ ഡല്‍ഹിയുടെ ഒമ്പതാമത്തെ തോല്‍വിയാണിത്. 12 മത്സരങ്ങളില്‍ നിന്ന് ആറു പോയന്റ് മാത്രമുള്ള ഡല്‍ഹി പോയന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്‌. വിജയിച്ചെങ്കിലും 11 മത്സരത്തില്‍ എട്ടു പോയന്റുള്ള ബാംഗ്ലൂരു ഏഴാം സ്ഥാനത്ത് തുടരും. ശേഷിക്കുന്ന മത്സരങ്ങളെല്ലാം മികച്ച മാര്‍ജിനില്‍ വിജയിച്ചാല്‍ ബാംഗ്ലൂരുവിന് പ്ലേ ഓഫിലെത്താന്‍ സാധ്യതയുണ്ട്.

Content Highlights; IPL 2018, Delhi Daredevils vs Royal Challengers Bangalore