ഡല്‍ഹി: അവസാന പന്തു വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ രാജസ്ഥാനെതിരെ ഡല്‍ഹിക്ക് വിജയം. രണ്ട് തവണ മഴ വില്ലനായെത്തിയതോടെ ഡക്ക് വാര്‍ത്ത് ലൂയിസ് നിമയപ്രകാരം 12 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ നാലു റണ്‍സിനാണ് ഡല്‍ഹി വിജയം പിടിച്ചെടുത്തത്. 12 ഓവറില്‍ 151 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. സ്‌കോര്‍; ഡല്‍ഹി- 17.1 ഓവറില്‍ 196/6. രാജസ്ഥാന്‍- 12 ഓവറില്‍ 146/5. 

ചുരുങ്ങിയ പന്തില്‍ കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ഷോര്‍ട്ടും ബട്ട്‌ലറും ചേര്‍ന്ന് മിന്നും തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 6.4 ഓവറില്‍ 82 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 26 പന്ത് നേരിട്ട ബട്ട്‌ലര്‍ ഏഴു സിക്‌സും നാലു ബൗണ്ടറിയും സഹിതം 67 റണ്‍സ് എടുത്താണ് പുറത്തായത്. 25 പന്ത് നേരിട്ട ഷോര്‍ട്ട് 44 റണ്‍സും നേടി. ഇരുവരും പുറത്തായതോടെ റണ്‍റേറ്റും കുറഞ്ഞു. ജയിക്കാന്‍ 15 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ 10 റണ്‍സ് എടുക്കാനെ രാജസ്ഥാന് സാധിച്ചുള്ളു. 

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ പൃത്വി ഷായുടെയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും ഋഷഭ് പന്തിന്റെയും മികവിലാണ് കൂറ്റന്‍ സ്‌കോലെത്തിയത്. പൃത്വിയും അയ്യരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഡല്‍ഹിക്ക് മികച്ച അടിത്തറ നല്‍കി. 25 പന്ത് നേരിട്ട പൃത്വി ഷാ 47 റണ്‍സ് നേടിയാണ് മടങ്ങിയത്.   35 പന്തില്‍ നിന്ന് 50 റണ്‍സാണ് അയ്യരുടെ സംഭാവന. വെറും 29 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയാണ് പന്ത് മടങ്ങിയത്. 

രാജസ്ഥാനായി ഉനത്കഠ് മൂന്നും കുല്‍ക്കര്‍ണി, ആര്‍ച്ചര്‍, ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഡല്‍ഹിക്കായി ബോള്‍ട്ട് രണ്ടും അമിത് മിശ്ര, മക്‌സ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ജയത്തോടെ ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹി ആറ് പോയന്റോടെ ആറാം സ്ഥാനത്തേക്ക് മുന്നേറി. എട്ട് മത്സരത്തില്‍ നിന്നായി ആറ് പോയന്റുള്ള രാജസ്ഥാന്‍ റോയല്‍സ് ഏഴാം സ്ഥാനത്താണ്. 

Content Highlights; IPL 2018 Delhi Daredevils vs Rajasthan Royals