ഡല്‍ഹി: ഗംഭീര്‍ സ്ഥാനമൊഴിഞ്ഞ ശേഷം നായക പദവിയിലെത്തിയ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ആദ്യ മത്സരത്തിനിറങ്ങിയ ഡല്‍ഹിക്ക് വിജയത്തുടക്കം. തുടരെ മൂന്നു മത്സരങ്ങള്‍ തോറ്റ ക്ഷീണം മാറ്റാന്‍ ഇറങ്ങിയ ഡല്‍ഹി സ്വന്തം തട്ടകത്തില്‍ 55 റണ്‍സിനാണ് കൊല്‍ക്കത്തയെ തോല്‍പ്പിച്ചത്. ക്യാപ്റ്റന്റെ കളി പുറത്തെടുത്ത ശ്രേയസ് അയ്യരുടെ ബാറ്റിങ്ങ് മികവില്‍ ഡല്‍ഹി മുന്നോട്ടുവച്ച 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ ഇന്നിംങ്‌സ് 164 റണ്‍സില്‍ അവസാനിച്ചു. സ്‌കോര്‍; ഡല്‍ഹി- 20 ഓവറില്‍ 219/4, കൊല്‍ക്കത്ത-20 ഓവറില്‍ 164/9.

ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന കൊല്‍ക്കത്തയ്ക്കായി 30 പന്തില്‍ 44 റണ്‍സ് നേടിയ റസലും 29 പന്തില്‍ 37 റണ്‍സെടുത്ത സുബ്മാന്‍ ഗില്ലും പൊരുതി നോക്കിയെങ്കിലും വിജയിക്കാനായില്ല. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ശ്രേയസ് അയ്യരുടെ വെടിക്കെട്ട് ബാറ്റിങ്ങ് മികവിലാണ് (40 പന്തില്‍ 93 റണ്‍സ്) കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 10 കൂറ്റന്‍ സിക്സും മൂന്ന് ബൗണ്ടറിയും സഹിതം 93 റണ്‍സെടുത്ത അയ്യര്‍ പുറത്താകാതെ നിന്നു. 44 പന്തില്‍ 62 റണ്‍സെടുത്ത് ഐപിഎല്ലിലെ ആദ്യ അര്‍ധസെഞ്ച്വറി തികച്ച പൃത്വി ഷായും ടീമിന് മികച്ച അടിത്തറ നല്‍കി.

നായക പദവി ഒഴിഞ്ഞ ഗംഭീറിനെ പുറത്തിരുത്തി ഇറങ്ങിയ ഡല്‍ഹിക്ക് മണ്‍റോയും പൃത്വി ഷായും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 59 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നാലെയെത്തിയ അയ്യരും ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ വെള്ളം കുടിച്ചു. അവസാന ഓവറുകളില്‍ മാക്‌സ് വെല്ലിനൊപ്പം അടിച്ചുതകര്‍ത്താണ് അയ്യര്‍ ടീം ടോട്ടല്‍ 219 റണ്‍സിലെത്തിച്ചത്.

കൊല്‍ക്കത്തയുടെ എല്ലാ ബൗളര്‍മാരും അയ്യരുടെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞു. കൂടുതല്‍ തല്ലു വാങ്ങിയത് ശിവം മാവിയാണ്. നാല് ഓവറില്‍ ഒരു വിക്കറ്റെടുത്ത മാവി 58 റണ്‍സാണ് വിട്ടുകൊടുത്തത്. ഡല്‍ഹിക്കായി ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, അമിത് മിശ്ര, മാക്‌സ്‌വെല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ ഏഴു മത്സരത്തില്‍ നാലു പോയന്റോടെ ഡല്‍ഹി ഏഴാം സ്ഥാനത്തെത്തി. ഏഴു മത്സരത്തില്‍ നിന്ന് ആറു പോയന്റുള്ള കൊല്‍ക്കത്ത നാലാം സ്ഥാനത്ത് തുടരും.

Content Highlights; IPL 2018 Delhi Daredevils vs Kolkata Knight Riders