ഡല്‍ഹി: തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ തോറ്റ് പ്ലേ ഓഫ് കാണാതെ പുറത്തായ ഡല്‍ഹിക്ക് ഒടുവില്‍ ആശ്വാസ ജയം. സ്വന്തം തട്ടകമായ ഡല്‍ഹി ഫിറോസ് ഷാ കോട്ട്‌ലയില്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ചെന്നൈയെ 34 റണ്‍സിനാണ് ഡല്‍ഹി പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി മുന്നോട്ടുവച്ച 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ മറുപടി നിശ്ചിത 20 ഓവറില്‍ 128 റണ്‍സില്‍ അവസാനിച്ചു. സ്‌കോര്‍: ഡല്‍ഹി- 20 ഓവറില്‍ 162/5, ചെന്നൈ- 20 ഓവറില്‍ 128/6. 

അധികം റണ്‍സ് വിട്ടുകൊടുക്കാതെ പന്തെറിഞ്ഞ ബൗളര്‍മാരാണ് ഡല്‍ഹിക്ക് വിജയം സമ്മാനിച്ചത്. ഈ സീണസില്‍ 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹിയുടെ നാലാമത്തെ മാത്രം വിജയമാണിത്. ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈയ്ക്ക് വാട്‌സണും അമ്പാട്ടി റായ്ഡുവും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് 14 റണ്‍സോടെ വാട്‌സണ്‍ മടങ്ങിയത്. 29 പന്തില്‍ 50 റണ്‍സോടെ റായ്ഡു പുറത്താകും വരെ ചെന്നൈ വിജയപ്രതീക്ഷയിലായിരുന്നു. എന്നാല്‍ പിന്നീടെത്തിയ ആര്‍ക്കും താളം കണ്ടെത്താനായില്ല. 

റെയ്‌ന (18 പന്തില്‍ 15), ധോനി (23 പന്തില്‍ 17), ബില്ല്യങ്‌സ് (5 പന്തില്‍ 1), ബ്രാവോ (2 പന്തില്‍ 1) എന്നിവര്‍ കളി മറന്ന് കൂടാരം കയറി. 18 പന്തില്‍ 27 റണ്‍സോടെ ജഡേജ പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി നാലു ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റെടുത്ത ബോള്‍ട്ടും നാലു ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത മിശ്രയുമാണ് വിജയത്തിലേക്ക് നീങ്ങിയ ചെന്നൈയെ പിടിച്ചുകെട്ടിയത്. പട്ടേല്‍, ലാമിച്ചാനെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി വിജയത്തില്‍ നിര്‍ണായകമായി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 26 പന്തില്‍ 38 റണ്‍സ് നേടിയ ഋഷഭ് പന്തിന്റെയും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹര്‍ഷല്‍ പട്ടേല്‍ (16 പന്തില്‍ 36 റണ്‍സ്), വിജയ് ശങ്കറിന്റെയും (28 പന്തില്‍ 36 റണ്‍സ്) പിന്‍ബലത്തിലാണ് ഭേദപ്പെട്ട നിലയിലെത്തിയത്. ഡല്‍ഹിക്കായി എന്‍ഗിഡി മൂന്ന് ഓവറില്‍ 14 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ദീപക്ക് ചഹാര്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. തോറ്റെങ്കിലും 13 മത്സരങ്ങളില്‍ നിന്ന് 16 പോയന്റുള്ള ചെന്നൈ രണ്ടാം സ്ഥാനത്ത് തുടരും. എട്ടു പോയന്റുള്ള ഡല്‍ഹി ഏറ്റവും അവസാന സ്ഥാനത്താണ്.

Content Highlights; IPL 2018, Delhi Daredevils vs Chennai Super Kings