പുണെ: ആദ്യ ആറു മത്സരത്തില്‍ അഞ്ചും തോറ്റ് പ്രതിസന്ധിയിലായ മുംബൈ ഇന്ത്യന്‍സ് ഒടുവില്‍ വിജയ വഴിയില്‍. പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ചെന്നൈയ്‌ക്കെതിരെ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെയാണ് മുംബൈ മറികടന്നത്. സ്‌കോര്‍; ചെന്നൈ- 20 ഓവറില്‍ 169/5, മുംബൈ- 19.4 ഓവറില്‍ 170/2.

അവസരത്തിനൊത്തുയര്‍ന്ന്‌ ക്ഷമയോടെ ബാറ്റ് വീശിയ മുന്‍നിര ബാറ്റ്‌സ്മാന്‍മാരാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും എവിന്‍ ലൂയിസും ചേര്‍ന്ന് 69 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 34 പന്തില്‍ 44 റണ്‍സെടുത്ത യാദവിനെ ഹര്‍ഭജന്‍ മടക്കിയെങ്കിലും പിന്നാലെയെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ക്രീസില്‍ നിലയുറപ്പിച്ചതോടെ മുംബൈ പതിയെ വിജയത്തിലേക്ക് നീങ്ങി. സ്‌കോര്‍ 129 റണ്‍സില്‍ നില്‍ക്കെ 43 പന്തില്‍ 47 റണ്‍സെടുത്ത ലൂയിസിനെ ബ്രാവോ താക്കൂറിന്റെ കൈകളിലെത്തിച്ച് ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും 33 പന്തില്‍ 56 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രോഹിത് ശര്‍മ്മ മുംബൈയുടെ വിജയം ഉറപ്പിക്കുയായിരുന്നു.

നേരത്ത ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 47 പന്തില്‍ 75 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സുരേഷ് റെയ്നയുടെയും 35 പന്തില്‍ 46 റണ്‍സെടുത്ത അമ്പാട്ടി റായ്ഡുവിന്റെയും മികവിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. മുംബൈക്കായി മക്ലെനാഗനും ക്രുനാല്‍ പാണ്ഡ്യയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഹര്‍ദ്ദിക്ക് പാണ്ഡ്യ ഒരു വിക്കറ്റും നേടി. വിജയത്തോടെ ഏഴ് മത്സരത്തില്‍ രണ്ടു വിജയം സഹിതം നാല് പോയന്റോടെ മുംബൈ അവസാന സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് മുന്നേറി. ഏഴില്‍ അഞ്ചു ജയിച്ച് 10 പോയന്റുള്ള ചെന്നൈ ഒന്നാം സ്ഥാനത്ത് തുടരും. 

Content Highlights: IPL 2018 Chennai Super Kings vs Mumbai Indians