മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈയ്ക്ക് ത്രസിപ്പിക്കുന്ന ജയം. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ മുൻചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് ഒരു വിക്കറ്റിന് പരാജയപ്പെടുത്തി. 30 പന്തിൽ ഏഴ് സിക്സറും മൂന്ന് ബൗണ്ടറിയും പറത്തി 68 റൺസെടുത്ത വിൻഡീസ് ഓൾറൗണ്ടർ ഡ്വയിൻ ബ്രാവോയുടെ ഉശിരൻ ബാറ്റിങ്ങാണ് അനായാസ വിജയം നേടുമെന്ന് കരുതിയ മുംബൈയെ ഞെട്ടിച്ച് ചെന്നൈയ്ക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്.  സ്കോർ: മുംബൈ 20 ഓവറിൽ നാലിന് 165: ചെന്നൈ 19.5 ഓവറിൽ ഒമ്പതിന് 169.

സ്വപ്നതുല്യമായ അരങ്ങേറ്റം കുറിച്ച പഞ്ചാബുകാരൻലെഗ്സ്പിന്നർ മായങ്ക് മാർക്കണ്ഡെ(4-0-23-3), പരിക്കിനെ വകവെക്കാതെ ഉജ്വലമായി ബൗൾ ചെയ്ത ഹാർദിക് പാണ്ഡ്യ(4-0-24-3) എന്നിവരുടെ ബൗളിങ്ങും സൂര്യകുമാർ യാദവ്(43), ക്രുണാൽ പാണ്ഡ്യ(41*), ഇഷാൻ കിഷൻ(40) എന്നിവരുടെ ബാറ്റിങ്ങും മുംബൈക്ക് ആദ്യ മത്സരത്തിൽ വിജയം സമ്മാനിക്കുമെന്ന് തോന്നിപ്പിച്ചു. 17 ഓവർ പൂർത്തിയാവുമ്പോൾ എട്ടിന് 119 എന്ന നിലയിലായിരുന്ന ചെന്നൈ തോൽവി ഉറപ്പിച്ചെന്ന് കരുതി. ജയിക്കാൻ വേണ്ടത് 18 പന്തിൽ 47 റൺസ്. ടി-20 ക്രിക്കറ്റിൽ ഒന്നും അസാധ്യമല്ലെന്ന് തെളിയിക്കുന്നതാണ് പിന്നീട് കണ്ട കാഴ്ചകൾ. 

മക്ലേനഗൻ എറിഞ്ഞ 18-ാം ഓവറിൽ രണ്ട് സിക്സറും ഒരു ബൗണ്ടറിയുമടക്കം പിറന്നത് 20 റൺസ്. അതുവരെ ഒന്നാന്തരമായി പന്തെറിഞ്ഞ ജസ്പ്രീത് ബുംറയാണ് 19-ാം ഓവർ എറിയാൻ വന്നത്. ആദ്യ രണ്ട് പന്തുകളിൽ സിക്സർ ‍പായിച്ച ബ്രാവോ മൂന്നാം പന്തിൽ ഡബിളും അഞ്ചാം പന്തിൽ മറ്റൊരു സിക്സറും പായിച്ച് സ്കോർ 159-ൽ എത്തിച്ചു. 
ഏഴ് പന്ത് ബാക്കി. ജയിക്കാൻ വേണ്ടത് ഏഴ് റൺസ്! പക്ഷേ, തന്റെ അവസാന പന്തിൽ ബ്രാവോയെ ബുംറ മടക്കിയപ്പോൾ വീണ്ടും മുംബൈയുടെ ഊഴം വന്നു. ബാറ്റുചെയ്യാൻ ബാക്കിയുള്ളത് ബൗളർ ഇമ്രാൻ താഹിറും പരിക്കുമൂലം നേരത്തെ ക്രീസ് വിട്ട കേദാർ ജാദവും. മുസ്താഫീസുർ റഹ്‌മാൻ എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിലും റണ്ണൊന്നുമെടുക്കാൻ ക്രീസിൽ മടങ്ങിയെത്തിയ ജാദവിനായില്ല. 
എന്നാൽ, നാലാം പന്തിൽ മുട്ടുകുത്തിനിന്ന് ജാദവ് പിന്നോട്ട് കോരിവിട്ട പന്ത് ബൗണ്ടറിക്കപ്പുറം പതിച്ചു. സ്കോർ തുല്യം! തൊട്ടടുത്ത പന്ത് ബൗണ്ടറി കടന്നതോടെ ചെന്നൈയ്ക്ക് അവിസ്മരണീയ ജയം.