ബെംഗളൂരു: ഐ.പി.എല്ലിലെ നിര്‍ണായക മത്സരത്തില്‍ പോയന്റ് പട്ടികയില്‍ മുന്നിലുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 14 റണ്‍സിന് തോല്പിച്ച് ആതിഥേയരായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് പ്ലേ ഓഫ് പ്രതീക്ഷ കെടാതെ നിര്‍ത്തി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 219 റണ്‍സ് ലക്ഷ്യം വീറോടെ പിന്തുടര്‍ന്ന ഹൈദരാബാദ് ലക്ഷ്യം നേടുമെന്ന തോന്നലുളവാക്കിയശേഷമാണ് മുട്ടുമടക്കിയത്. 

എ.ബി.ഡിവില്ലിയേഴ്സ്(39 പന്തില്‍ 69), മോയീന്‍ അലി(34 പന്തില്‍ 65) എന്നിവരുടെ അര്‍ധസെഞ്ചുറികളില്‍ 218 റണ്‍സ് നേടിയ ബാംഗ്ലൂര്‍ എതിര്‍ നായകന്‍ കെയ്ന്‍ വില്യംസണും(42 പന്തില്‍ 81) മനീഷ് പാണ്ഡെയും(38 പന്തില്‍ 62*) അര്‍ധസെഞ്ചുറി നേടിയിട്ടും ആശിച്ച വിജയം പിടിച്ചെടുത്തു. സ്‌കോര്‍:ബാംഗ്ലൂര്‍ 20 ഓവറില്‍ 6ന് 218; ഹൈദരാബാദ് 20 ഓവറില്‍ 3ന് 204.

ജയത്തോടെ ബാംഗ്ലൂരിന് 13 കളിയില്‍ 12 പോയന്റോടെ അഞ്ചാം സ്ഥാനത്തേക്ക് കയറി. 18 പോയന്റുള്ള ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് തുടരും. ഡിവില്ലിയേഴ്സിനും അലിയ്ക്കും പുറമെ ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്ദോം (17 പന്തില്‍ 40), സര്‍ഫ്രാസ് ഖാന്‍ (8 പന്തില്‍ 22*) എന്നിവരുടെ മിന്നല്‍ ബാറ്റിങ്ങും ബാംഗ്ലൂര്‍ ഇന്നിങ്സിന് മുതല്‍ക്കൂട്ടായി. 
ഐ.പി.എല്ലിലെ ബൗളിങ് ടീമെന്ന വിശേഷണമുണ്ടായിരുന്ന ഹൈദരാബാദ് ബാംഗ്ലൂര്‍ ബാറ്റ്സ്മാന്മാരുടെ ആക്രമണത്തിനുമുന്നില്‍ വിറപൂണ്ടു. 

പ്രത്യേകിച്ചും അവരുടെ പേസര്‍മാര്‍. മലയാളി താരം ബേസില്‍ തമ്പിയാണ് ഇവരില്‍ ഏറ്റവുമധികം പ്രഹരമേറ്റുവാങ്ങിയത്. നാല് ഓവറില്‍ 70 റണ്‍സ് വഴങ്ങിയ ബേസില്‍ ഐ.പി.എല്ലില്‍ ഒരു മത്സരത്തില്‍ ഏറ്റവുമധികം റണ്‍ വിട്ടുകൊടുക്കുന്ന ബൗളറെന്ന റെക്കോഡും ഏറ്റുവാങ്ങേണ്ടിവന്നു. ആറ് സിക്സറും അഞ്ച് ബൗണ്ടറികളും ബേസിലിന്റെ പന്തില്‍ ബാംഗ്ലൂര്‍ ബാറ്റ്സ്മാന്മാര്‍ അടിച്ചുകൂട്ടി. ആതിഥേയ ബാറ്റ്സ്മാന്മാര്‍ അടിച്ചത് 12 സിക്സറാണ്.