കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് റണ്‍ഔട്ടിലൂടെയാണ് പുറത്തായത്. എന്നാല്‍ ആ റണ്‍ഔട്ടിനെച്ചൊല്ലിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ കൈ തട്ടിയാണ് ബെയ്ല്‍സ് വീണതെന്നും കാര്‍ത്തിക് ഔട്ടല്ലെന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്. 

മത്സരത്തിലെ പത്താം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം. ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ ക്രീസിലുണ്ടായിരുന്നത് റാണയായിരുന്നു. ആ പന്തില്‍ സിംഗിളെടുക്കാന്‍ റാണ ശ്രമിച്ചപ്പോള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് ദിനേശ് കാര്‍ത്തിക്കും ഓടിയെത്തി. എന്നാല്‍ റണ്‍ഔട്ടാകുമെന്ന് തോന്നിയതോടെ ഇരുവരും തിരിച്ചോടുകയായിരുന്നു. പക്ഷേ അപ്പോഴേക്കും ജെ.പി ഡുമിനി പന്ത് ഹാര്‍ദികിന് കൈമാറിയിരുന്നു. ദിനേശ് കാര്‍ത്തിക് തിരിച്ച് ക്രീസില്‍ കയറും മുമ്പ് ഹാര്‍ദിക് ബെയ്ല്‍ ഇളക്കുകയും ചെയ്തു.

എന്നാല്‍ പന്ത് കൈയില്‍ നിന്ന് വഴുതി മാറി. ഇതിനിടയില്‍ ഹാര്‍ദികിന്റെ കൈ തട്ടിയാണ് ബെയ്ല്‍സ് വീഴുന്നതെന്ന് റീപ്ലേയില്‍ കാണാം. എന്നാല്‍ തേഡ് അമ്പയര്‍ റീപ്ലേ പരിശോധിച്ച് ഔട്ട് വിധിക്കുകയായിരുന്നു. സ്റ്റമ്പ് ചെയ്തതിന് ശേഷം ഹാര്‍ദികിന്റെ ശരീര ഭാഷയില്‍ നിന്നും അത് ഔട്ടല്ലെന്ന് വ്യക്തമാണ്. അവസരം നഷ്ടപ്പെടുത്തിയ നിരാശയിലായിരുന്നു ഹാര്‍ദിക്. 

കൊല്‍ക്കത്ത നാല് വിക്കറ്റിന് 67 റണ്‍സെന്ന നിലയിലായിരിക്കുമ്പോഴാണ് ആ വിക്കറ്റ് വീണത്. പുറത്താകുമ്പോള്‍ നാല് പന്തില്‍ അഞ്ചു റണ്‍സായിരുന്നു കൊല്‍ക്കത്ത ക്യാപ്റ്റന്റെ സമ്പാദ്യം. ഈ വിക്കറ്റ് മത്സരത്തില്‍ നിര്‍ണായകമാകുകയും ചെയ്തു.

Content Highlights: In Dinesh Karthik dismissal did Hardik Pandyas hands remove the bails