ന്യൂഡല്‍ഹി: ഐപിഎലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം കളിക്കാത്തതിന്റെ കാരണം വ്യക്തമാക്കി ഗൗതം ഗംഭീര്‍. തന്നെ കളിക്കാന്‍ പരിഗണിക്കാത്തതിനാലാണ് വിട്ടുനിന്നതെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ ഏഴു വര്‍ഷം നീണ്ട കരിയറിന് ശേഷം ഈ സീസണിലാണ് ഡല്‍ഹിയിലേക്ക് ഗംഭീര്‍ തിരിച്ചെത്തിയത്.  ഡല്‍ഹി അദ്ദേഹത്തെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗംഭീറിന്റെ നേതൃത്വത്തില്‍ സീസണിലെ ആദ്യ ആറില്‍ ഒരു മത്സരം മാത്രമെ ഡല്‍ഹിക്ക് ജയിക്കാനായിരുന്നുള്ളൂ. തുടര്‍ന്ന് അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുകയായിരുന്നു. ആറു മത്സരങ്ങളില്‍ നിന്നായി 85 റണ്‍സ് മാത്രമായിരുന്നു ഗംഭീറിന്റെ സമ്പാദ്യം.  ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു കൊടുത്ത ശേഷം ഗംഭീറിന് ടീമില്‍ അവസരം ലഭിക്കുകയും ചെയ്തിരുന്നില്ല. ഗംഭീറിനെ 2.8 കോടിക്ക് ലേലത്തിലെടുത്ത കരാര്‍ ഫ്രഞ്ചൈസികള്‍ പിന്‍വലിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേ സമയം ഗംഭീര്‍ വിട്ട് നിന്നിട്ടും ഡല്‍ഹിക്ക് രക്ഷയില്ലായിരുന്നു. ലീഗില്‍ ഏറ്റവും അവസാനക്കാരായാണ്‌ ഡല്‍ഹി മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. എന്നാലിപ്പോള്‍ തന്നെ ടീമില്‍ നിന്ന് തഴയുകയായിരുന്നുവെന്ന് തുറന്നടിച്ചിരുക്കുകയാണ് ഗംഭീര്‍. ഹിന്ദുസ്ഥാന്‍ ടൈംസിലെഴുതിയ കോളത്തിലാണ് ഗംഭീര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 'ക്യാപ്റ്റന്‍ സ്ഥാനം മാറിയ ശേഷം എന്ത് കൊണ്ട് താങ്കള്‍ കളിച്ചില്ല എന്ന ചോദ്യവുമായി നിരവധി പേരാണ് തന്നെ സമീപിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ തനിക്ക് ഇക്കാര്യം വളരെ എളുപ്പത്തിലുള്ള ഒരു മറുപടിയെ ഉള്ളൂ. തന്നെ പരിഗണിച്ചിരുന്നെങ്കില്‍ ഞാന്‍ കളിക്കുമായിരുന്നു' ഗംഭീര്‍ വ്യക്തമാക്കി.

ഇതിനിടെ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലേക്ക് മത്സരിക്കുന്നതിനായി ക്രിക്കറ്റില്‍ നിന്ന് താന്‍ വിരമിക്കുമെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി. എന്റെ ടീമുകള്‍ക്ക് വേണ്ടി ഞാന്‍ ഇപ്പോഴും കളിക്കാന്‍ താത്പര്യപ്പെടുന്നുവെന്നും. രാജസ്ഥാനെതിരായ എലിമിനേഷന്‍ മത്സരത്തില്‍ തന്റെ മുന്‍ടീമായ കൊല്‍ക്കത്തയെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.